മൈസൂരു; കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ ഏഴ് വർഷം മുമ്പ് കൊല്ലപ്പെട്ടതായി കരുതിയ യുവതിയെ ജീവനോടെ കണ്ടെത്തിയതോടെ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്. യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസിൽ രണ്ടര വർഷമായി ജയിലിൽ കഴിയേണ്ടിവന്ന രാജേഷ് എന്ന യുവാവ് നിരപരാധിയാണെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കേസിൽ കൊല്ലപ്പെട്ടെന്ന് കരുതിയ മഞ്ജുവിനെ ഭർത്താവിനൊപ്പം ജീവിച്ചിരിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയത്.
2019-ലാണ് കേസിനാസ്പദമായ സംഭവം. ജൂലൈ മൂന്നിന് മാണ്ഡ്യയിലെ പാണ്ഡവപുരയിലുള്ള പിതാവിന്റെ വീട്ടിൽനിന്ന് മഞ്ജു ഇറങ്ങിപ്പോയി. താൻ സ്നേഹിക്കുന്ന യുവാവിനെ വിവാഹം കഴിക്കാനായിരുന്നു മഞ്ജുവിന്റെ ആഗ്രഹമെന്നും എന്നാൽ വീട്ടുകാർ മറ്റൊരാളുമായി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചെന്നും റിപ്പോർട്ടുകളുണ്ട്. തുടർന്ന് താൻ ഇഷ്ടപ്പെടുന്നയാൾക്കൊപ്പം പോകുന്നുവെന്നറിയിച്ച് മഞ്ജു കാമുകനായ ചാമരാജ്നഗർ സ്വദേശി നാഗേന്ദ്രയ്ക്കൊപ്പം നാടുവിട്ടു.വീട്ടിൽനിന്ന് ഇറങ്ങുന്നതിന് മുമ്പ് ബസ് സ്റ്റാൻഡിൽവെച്ച് രാജേഷ് എന്ന വഴിയാത്രക്കാരനിൽനിന്ന് മഞ്ജു മൊബൈൽ ഫോൺ കടം വാങ്ങിയിരുന്നു.
മഞ്ജുവിനെക്കുറിച്ച് പിന്നീട് വിവരങ്ങളൊന്നും ലഭിക്കാതായതോടെ പിതാവ് നാഗരാജു പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ മിസ്സിങ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മഞ്ജു അവസാനമായി വിളിച്ച ഫോൺ നമ്പർ രാജേഷിന്റേതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് കേസിന്റെ ഗതി മാറിയത്.
2021 ഓഗസ്റ്റ് 11-ന് നാഗരാജു വീണ്ടും പൊലീസിനെ സമീപിച്ചു. അനന്തപദ്മനാഭ, ഗുരുകുമാർ എന്നീ രണ്ടുപേർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു രണ്ടാമത്തെ പരാതി. രാജേഷ് മഞ്ജുവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നും മൃതദേഹം കാവേരി നദിയിൽ തള്ളിയെന്നുമായിരുന്നു ഇവരുടെ ആരോപണം.
തുടർന്ന് പൊലീസ് കൊലപാതകത്തിന് കേസെടുക്കുകയും രാജേഷിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അന്ന് ഇൻസ്പെക്ടർ പ്രഭാകറായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. സ്ഥലപരിശോധനാ റിപ്പോർട്ട് തയ്യാറാക്കിയ പൊലീസ് സാക്ഷിമൊഴികളും കുറ്റസമ്മത മൊഴിയും അടിസ്ഥാനമാക്കി കുറ്റപത്രം സമർപ്പിച്ചു. മഞ്ജുവും രാജേഷും നേരത്തെ പ്രണയത്തിലായിരുന്നുവെന്നും ഇതിൽ വിള്ളൽ വീണതോടെ കൊലപ്പെടുത്തിയെന്നും കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പൊലീസ് വ്യക്തമാക്കി.
എന്നാൽ മഞ്ജുവിന്റെ മൃതദേഹം കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. മൃതദേഹം പോലും കണ്ടെത്താനാകാത്ത സാഹചര്യത്തിലും രാജേഷിനെ കൊലപാതകക്കേസിൽ പ്രതിയാക്കി ജയിലിലടച്ചു. രണ്ടര വർഷത്തോളം രാജേഷ് ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞു. പിന്നീട് പിതാവിന്റെയും അഭിഭാഷകന്റെയും ഇടപെടലിനെ തുടർന്ന് ജാമ്യം ലഭിക്കുകയായിരുന്നു.
താൻ നിരപരാധിയാണെന്ന് രാജേഷ് തുടക്കംമുതൽ തന്നെ ആവർത്തിച്ചിരുന്നു. ഇതോടെ രാജേഷിന്റെ അഭിഭാഷകസംഘം സ്വന്തം നിലയിൽ അന്വേഷണം ആരംഭിച്ചു. മഞ്ജുവിനെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. അന്വേഷണത്തിനൊടുവിൽ മാണ്ഡ്യയിലെ നാഗമംഗല പ്രദേശത്ത് ഭർത്താവിനൊപ്പം താമസിക്കുന്ന മഞ്ജുവിനെ കണ്ടെത്തുകയായിരുന്നു.
വിവരം രാജേഷിന്റെ അഭിഭാഷകൻ പൊലീസിനെ അറിയിച്ചതോടെ ബിന്ദിഗനവിലേ പൊലീസ് സ്റ്റേഷനിൽ പുതിയ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് മഞ്ജുവിനെ വനിതാ സംരക്ഷണത്തിനും കൗൺസിലിങ്ങിനുമുള്ള സാന്ത്വന കേന്ദ്രത്തിലേക്ക് മാറ്റി. പ്രാഥമിക മൊഴിയെടുപ്പിൽ രാജേഷിനെ അറിയില്ലെന്നും കൊലപാതകവുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരു ബന്ധവുമില്ലെന്നും മഞ്ജു വ്യക്തമാക്കി.
‘രാജേഷ് ആരാണെന്ന് പോലും എനിക്കറിയില്ല. എന്തിനാണ് എന്റെ പിതാവ് ഇത്തരമൊരു കേസ് നൽകിയതെന്നും അറിയില്ല. അദ്ദേഹം പൂർണമായും നിരപരാധിയാണ്. എവിടെവെച്ചും ഇക്കാര്യം മൊഴിയായി നൽകാൻ ഞാൻ തയ്യാറാണ്’ എന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണമെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.
സംഭവം പുറത്തുവന്നതോടെ രാജേഷിന്റെ കുടുംബം ശക്തമായ നിയമനടപടി ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജപരാതി നൽകിയതിന് നാഗരാജുവിനെതിരെയും അന്വേഷണത്തിൽ ക്രമക്കേട് നടത്തിയെന്ന് ആരോപിക്കപ്പെടുന്ന മുൻ പൊലീസ് ഇൻസ്പെക്ടർ പ്രഭാകറിനെതിരെയും നടപടിയെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. വ്യാജരേഖകൾ തയ്യാറാക്കി രാജേഷിന്റെ ജീവിതം തകർത്തുവെന്നാണ് മുൻ അന്വേഷണ ഉദ്യോഗസ്ഥനെതിരായ ആരോപണം.
അതേസമയം, സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ മാണ്ഡ്യ പൊലീസ് ഉത്തരവിട്ടിട്ടുണ്ട്. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനായ പ്രഭാകറിന്റെ അന്വേഷണത്തിലെ പങ്കും പരിശോധിക്കും. മൃതദേഹം കണ്ടെത്താതിരുന്നിട്ടും കൊലപാതകക്കുറ്റം ചുമത്തിയതും അന്വേഷണത്തിൽ സ്വീകരിച്ച നടപടികളും പരിശോധിക്കാനാണ് തീരുമാനം.