തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ പ്രതികരിച്ച് മന്ത്രി ബിന്ദു കൃഷ്ണ. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെങ്കിലും കാന്തപുരത്തിന്റെ പരാമർശം അനുകരണീയമല്ലെന്ന് മന്ത്രി പറഞ്ഞു.
ഭരണഘടന എല്ലാവരെയും തുല്യരായാണ് കാണുന്നത്. രാജ്യത്തിന്റെ രാഷ്ട്രപതി പോലും ഒരു വനിതയാണ്. മതവിശ്വാസം പിന്തുടരുന്നതിൽ തെറ്റില്ല. എന്നാൽ ഭരണഘടനയെ മാനിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
അന്യപുരുഷന്മാർക്കിടയിലോ പൊതുവിടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്ന നിർദേശവുമായി കാന്തപുരം വിഭാഗം പുറത്തിറക്കിയ സർക്കുലർ നേരത്തെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്ന തരത്തിലുള്ള പരാമർശവുമായി കാന്തപുരം രംഗത്തെത്തിയത്.
കൊച്ചിയിൽ നടന്ന പ്രവാചക പ്രകീർത്തന സമ്മേളനത്തിലായിരുന്നു കാന്തപുരത്തിന്റെ വിവാദ പരാമർശം. സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നും സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങരുതെന്ന് പറയുന്നത് അവരോടുള്ള ബഹുമാനം കൊണ്ടാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
അന്യപുരുഷന്മാർക്കിടയിൽ സ്ത്രീകൾ പ്രത്യക്ഷപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇസ്‌ലാം പർദ ഏർപ്പെടുത്തിയതെന്നും മതം പഠിപ്പിക്കുന്നത് ഇതാണെന്നും കാന്തപുരം പറഞ്ഞു.
തന്റെ നിലപാടുകളെ ആരെങ്കിലും ചോദ്യം ചെയ്യുകയോ വിമർശിക്കുകയോ ചെയ്താൽ അതിന്റെ പേരിൽ പേടിച്ച് പിന്മാറില്ലെന്നും കാന്തപുരം വ്യക്തമാക്കി. ഇത്തരം കാര്യങ്ങൾ പറയാൻ തങ്ങൾക്ക് എന്താണ് അധികാരമെന്ന് ചില സംഘടനകൾ ചോദിക്കാറുണ്ട്. എന്നാൽ മതത്തെക്കുറിച്ച് കൃത്യമായി പഠിച്ചവരാണ് തങ്ങളെന്നും അതിനാൽ മുസ്‌ലിം സമുദായത്തോട് ഇക്കാര്യങ്ങൾ പറയാനുള്ള അവകാശം തനിക്കുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.






