ന്യൂഡൽഹി: ഇന്ത്യയിൽ മുസ്ലിങ്ങൾ ഉണ്ടാകരുതെന്ന് ഏതെങ്കിലും ഹിന്ദു കരുതുന്നുവെങ്കിൽ അയാൾ യഥാർഥ ഹിന്ദുവല്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. മനുഷ്യരാശിയുടെ ഏകത്വത്തിലാണ് ഹിന്ദുമതം വിശ്വസിക്കുന്നതെന്നും മതങ്ങൾ വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിച്ചാലും മനുഷ്യരാശിയും സത്യവും ഒന്നാണെന്നും ന്യൂയോർക്കിൽ നടന്ന ‘വൺ വേൾഡ് വൺ ഹ്യൂമാനിറ്റി’ പരിപാടിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
“മനുഷ്യരാശി ഒന്നാണെന്ന് വിശ്വസിക്കുന്ന ഒരു സമൂഹത്തിൽ നിന്നാണ് ഞങ്ങൾ വരുന്നത്. ഇന്ത്യയിൽ മുസ്ലിങ്ങൾ ഉണ്ടാകരുതെന്ന് ഏതെങ്കിലും ഹിന്ദു ചിന്തിക്കുന്നുവെങ്കിൽ, അയാൾ ഹിന്ദുവല്ല,”- മോഹൻ ഭാഗവത് പറഞ്ഞു. ഹിന്ദുവെന്ന് സ്വയം വിശേഷിപ്പിക്കണമെങ്കിൽ എല്ലാ വഴികളും ഒരേ സത്യത്തിലേക്കാണ് നയിക്കുന്നതെന്ന് വിശ്വസിക്കണമെന്നും ഓരോ മനുഷ്യനും അന്തസ്സുള്ളവരാണ്, മനുഷ്യർ തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നും ഭാഗവത് വ്യക്തമാക്കി.
വൈവിധ്യം പ്രകൃതിയുടെ നിയമമായതിനാൽ അത് സംരക്ഷിക്കപ്പെടണം. അതേസമയം, ഏകത്വമാണ് സാർവത്രിക സത്യമാണ്. താൻ മതപണ്ഡിതനോ മതാധികാരിയോ അല്ലെന്നും എന്നാൽ പരമ്പരാഗതമായി ‘മതങ്ങൾ വ്യത്യസ്തമായിരിക്കാം, എന്നാൽ മനുഷ്യരാശി ഒന്നാണ്’ എന്ന് വിശ്വസിക്കുന്ന ഒരു സമൂഹത്തിലാണ് പ്രവർത്തിക്കുന്നതെന്നും ഭാഗവത് പറഞ്ഞു. സത്യം ഒന്നാണ്. ആ സത്യത്തിന്റെ ഉൽപ്പന്നമാണ് മനുഷ്യരാശി. അതുകൊണ്ടുതന്നെ മനുഷ്യരാശി ഒന്നാണെന്നും അദ്ദേഹം വിശദീകരിച്ചു.
ആർഎസ്എസിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചുള്ള ആഗോള പ്രചാരണ പരിപാടികളുടെ ഭാഗമായാണ് മോഹൻ ഭാഗവത് അമേരിക്കയിലെത്തിയത്. ഈ സന്ദർശനത്തിന്റെ ഭാഗമായി കാനഡയും യുകെയും അദ്ദേഹം സന്ദർശിക്കും. അമേരിക്കൻ സന്ദർശനത്തിനിടെ ഇന്ത്യൻ പ്രവാസി സമൂഹത്തിലെ അംഗങ്ങളുമായും ഇന്ത്യൻ-അമേരിക്കൻ വ്യവസായ പ്രമുഖരുമായും വിവിധ സാമൂഹിക-സമുദായ പ്രതിനിധികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.






