കണ്ണൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശനെതിരെ പരോക്ഷ വിമർശനവുമായി മുൻ സ്പീക്കറും സിപിഎം നേതാവുമായ എഎൻ ഷംസീറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘അദ്വൈതത്തിന് അർത്ഥം നൽകിയ ഗുരുദേവൻ പുതുമടിശീലക്കാരുടെ മടിയിൽ പിടഞ്ഞു വീണു മരിക്കുന്നു’… ഷംസീർ കുറിച്ചു. ശ്രീനാരായണ ഗുരുവിന്റെ ചിത്രം ഉൾപ്പെടെ പങ്കുവെച്ചായിരുന്നു എഎൻ ഷംസീറിന്റെ വിമർശനം. നേരത്തെ ‘വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് ശ്രീനാരായണ ഗുരു’- എന്ന പോസ്റ്റും ഷംസീർ പങ്കുവച്ചിരുന്നു.
മുൻപ് ഷംസീറിന് കമ്മ്യൂണിസ്റ്റ് മനസല്ല, ലീഗിന്റെ മനസാണെന്നുള്ള വെളളാപ്പളളിയുടെ പ്രതികരണം വിവാദമായിരുന്നു. പിണറായിയെപ്പോലുളളവർ ഒരുപാട് ത്യാഗം അനുഭവിച്ചാണ് അധികാര സ്ഥാനങ്ങളിൽ എത്തിയതെന്നും, എന്നാൽ ഷംസീർ ചുളുവിലാണ് അധികാരത്തിൽ വന്നതെന്നും വെള്ളാപ്പള്ളി നടേശൻ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എഎൻ ഷംസീറിന്റെ മറുപടിയെത്തിയത്.
അതുപോലെ ഇടതുപക്ഷത്തെയും പിണറായിയെയും തോൽപ്പിച്ചത് സ്ഥാനമോഹികളായ കമൃൂണിസ്റ്റുകാരാണെന്നും വെള്ളാപ്പള്ളി നടേശൻ തുറന്നടിച്ചിരുന്നു. അധികാര മോഹികളായ നേതാക്കളാണ് ഇടതുപക്ഷത്തെ തുടർഭരണത്തിൽ നിന്ന് ഇറക്കിയത്. നേതാക്കൾക്ക് ധിക്കാരവും ധാർഷ്ട്യവുമാണ്. സഖാക്കൾ ഭരണത്തിൽ സുഖിച്ചതുകൊണ്ടാണ് മൂന്നാം പിണറായി സർക്കാർ അധികാരത്തിൽ വരാഞ്ഞതെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.






