ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരന്റെ വായയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 82 ഗ്രാം സ്വർണം പിടികൂടി. മുഹമ്മദ് സിറാജാണ് പിടിയിലായത്. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബുധനാഴ്ച പുലർച്ചെ ഇൻഡിഗോ വിമാനത്തിലെത്തിയ ഇയാളെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്. വിമാനത്താവളത്തിൽനിന്ന് രാവിലെ ഇൻഡിഗോ വിമാനത്തിൽ ഗാസിയാബാദിലേക്ക് പോകാനായിരുന്നു സിറാജിന്റെ നീക്കം.
ടെർമിനൽ ഒന്നിലെ സുരക്ഷാ പരിശോധനയ്ക്കിടെ സിറാജിന്റെ പെരുമാറ്റത്തിൽ ഉദ്യോഗസ്ഥർക്ക് സംശയം തോന്നുകയായിരുന്നു. പരിശോധന നടത്തിയ സബ് ഇൻസ്പെക്ടർ ദീപക് കുമാർ ശർമ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. രണ്ട് ക്യാപ്സ്യൂളുകളാക്കി സൂക്ഷിച്ച 82 ഗ്രാം സ്വർണമാണ് ഇയാളുടെ വായയ്ക്കുള്ളിൽനിന്ന് കണ്ടെത്തിയത്.
ബോഡി സ്കാനർ പരിശോധനയിൽ സ്വർണം കണ്ടെത്താനാകില്ലെന്ന ധാരണയിലാണ് ഇയാൾ ഇത് വായയ്ക്കുള്ളിൽ ഒളിപ്പിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. പിടിയിലായ യാത്രക്കാരനെ തുടർ നിയമനടപടികൾക്കായി എയർപോർട്ട് പോലീസിന് കൈമാറി.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കെംപെഗൗഡ വിമാനത്താവളത്തിൽ സി.ഐ.എസ്.എഫ് നടത്തുന്ന സമാനമായ രണ്ടാമത്തെ സ്വർണവേട്ടയാണിത്. ഡി.ഐ.ജി മഞ്ജുനാഥ് എച്ചിന്റെ നേതൃത്വത്തിലുള്ള സംഘം ഓഗസ്റ്റ് 20ന് ബാങ്കോക്കിൽനിന്നെത്തിയ രണ്ട് യാത്രക്കാരിൽനിന്ന് 260 ഗ്രാം സ്വർണം പിടികൂടിയിരുന്നു. ട്രൗസറിനുള്ളിൽ പൊടിരൂപത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഇരുവരെയും സംശയാസ്പദമായ പെരുമാറ്റത്തെ തുടർന്നാണ് പിടികൂടിയത്.






