ന്യൂഡൽഹി: ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന്റെ ന്യൂയോർക്ക് സന്ദർശനത്തിനെതിരെ രംഗത്ത് എത്തിയ ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനിക്കെതിരെ രൂക്ഷ വിമർശനവുമായി റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമി രംഗത്ത്. മംദാനി ഹിന്ദു വിരുദ്ധനാണെന്നും അമേരിക്കയിൽ ഇസ്ലാമിക രാഷ്ട്രം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അയാളെ അമ്പലത്തിൽ കയറ്റരുതെന്നും അർണബ് ഗോസ്വാമി പറഞ്ഞു.
‘മംദാനിക്ക് ഇന്ത്യയുമായോ ഇന്ത്യൻ സംസ്കാരവുമായോ യാതൊരു തരത്തിലുള്ള ബന്ധവുമില്ല. ഉഗാണ്ടൻ വംശജനായ മംദാനി അമേരിക്കയിൽ സ്വന്തം വോട്ട് ബാങ്ക് രാഷ്ട്രീയം വളർത്തുന്നതിനായി ഇസ്ലാം മതം പ്രചരിപ്പിക്കുന്നതിനായി വ്യാജ പ്രചാരണങ്ങൾ നടത്തുകയാണ്. അമേരിക്കയിലെ സ്വാമിനാരായൺ ക്ഷേത്രം, ഗണേഷ് ക്ഷേത്രം തുടങ്ങിയ ഹിന്ദു ആരാധനാലയങ്ങളിൽ മംദാനിക്ക് പ്രവേശനം നൽകരുത്ല അവിടെ കാലുകുത്തിക്കരുത് ‘- അർണബ് ഗോസ്വാമി പറഞ്ഞു.
അതുപോലെ ആർഎസ്എസ് സാംസ്കാരിക ദേശീയത ഉയർത്തിപ്പിടിക്കുന്ന പ്രസ്ഥാനമാണെന്നും, എല്ലാ മതവിഭാഗങ്ങളിലെയും ജനങ്ങളുമായി സംവാദങ്ങൾക്ക് സന്നദ്ധമാണെന്നും മോഹൻ ഭാഗവതിന്റെ നേതൃത്വത്തിൽ മതാടിസ്ഥാനത്തിലുള്ള വിവേചനം എതിർക്കപ്പെടുന്നുണ്ടെന്നും അർണബ് പറഞ്ഞു. എത്ര തന്നെ എതിർപ്പുകൾ ഉണ്ടായാലും ന്യൂയോർക്കിലെ ഹിന്ദു സമൂഹവും ജനങ്ങളും മോഹൻ ഭാഗവതിന്റെ പരിപാടികൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും അർണബ് അവകാശപ്പെട്ടു.
നേരത്തെ മോഹൻ ഭാഗവത് പങ്കെടുക്കുന്ന ന്യൂയോർക്കിലെ മാഡിസൻ സ്ക്വയർ ഗാർഡനിലെ പൊതു പരിപാടിക്കെതിരെ മംദാനി രംഗത്ത് എത്തിയിരുന്നു. ബഹുസ്വരതയിലും മതേതരത്വത്തിലും അധിഷ്ഠിതമായ, ഏവർക്കും തുല്യ അവകാശമുള്ള ഒരു ഇന്ത്യയെക്കുറിച്ചാണ് താൻ കണ്ടും കേട്ടും വളർന്നതെന്നും എന്നാൽ ഒരു പ്രത്യേക വിഭാഗത്തെ മാത്രം ഉൾക്കൊള്ളുന്നതും മറ്റുള്ളവരെ ഒഴിവാക്കുന്നതുമായ പ്രത്യയശാസ്ത്രങ്ങളുടെ വളർച്ച ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വിഭജന കാഴ്ചപ്പാടുകളോട് തനിക്ക് വ്യക്തിപരമായും, തുല്യതയിലും വൈവിധ്യത്തിലും വിശ്വസിക്കുന്ന ന്യൂയോർക്ക് നഗരത്തിന്റെ മേയർ എന്ന നിലയിലും പരിപാടിയോട് കടുത്ത എതിർപ്പാണുള്ളതെന്നും മംദാനി വ്യക്തമാക്കിയിരുന്നു. ആർഎസ്എസിന്റെ ശതാബ്ദി ആഘോഷങ്ങളുടേയും ആഗോള സമ്പർക്ക പരിപാടിയുടേയും ഭാഗമായി ഓഗസ്റ്റ് 29 ശനിയാഴ്ച നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ഭാഗവത് ന്യൂയോർക്കിൽ എത്തിയതിന് പിന്നാലെയായിരുന്നു മംദാനി തന്റെ എതിർപ്പ് പരസ്യമാക്കിയത്.






