തെന്നിന്ത്യൻ സൂപ്പർതാരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് ഒരുക്കുന്ന ‘ടോക്സിക്’ റിലീസിനൊരുങ്ങുന്നു. സെപ്റ്റംബർ 26ന് തിരുവോണദിനത്തിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ആക്ഷനും ഇമോഷനും വയലൻസിനും പ്രാധാന്യമുള്ള ചിത്രമായിരിക്കും ‘ടോക്സിക്’ എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രത്തിൽ യഷ് ഇരട്ട വേഷത്തിലെത്തുമെന്നും സൂചനയുണ്ട്. ആഗോളതലത്തിൽ ഓഗസ്റ്റ് 26നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിനിടെ യഷിനെക്കുറിച്ച് ഗീതു മോഹൻദാസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ ആദ്യ രണ്ട് ചിത്രങ്ങൾ മികച്ച പ്രശംസ നേടിയിട്ടും ആരും തന്നെ വിശ്വസിച്ചില്ലെന്നും എന്നാൽ യഷ് തന്നെ വിശ്വസിച്ചെന്നും ഗീതു പറഞ്ഞു. യഷിന്റെ വിശ്വാസമാണ് രാജ്യത്തെ ഏറ്റവും വലിയ താരത്തിനൊപ്പം ഏറ്റവും വലിയ സിനിമ ചെയ്യാൻ തനിക്ക് അവസരം നൽകിയതെന്നും അവർ വ്യക്തമാക്കി.
‘50 ലക്ഷം രൂപയ്ക്കാണ് ഞാൻ ‘ലയേഴ്സ് ഡൈസ്’ ചിത്രീകരിച്ചത്. 2014ൽ അത് ഓസ്കറിലേക്കും പോയി. എന്നിട്ടും ആരും എന്നെ വിശ്വസിച്ചില്ല, പണവും തന്നില്ല. ഞാൻ ശ്രമിച്ചുകൊണ്ടേയിരുന്നു, അതിനേക്കാൾ കുറച്ചുകൂടി വലിയ ചിത്രമായ ‘മൂത്തോൻ’ ചെയ്തു. ഇനി എന്നെ ആളുകൾ വിശ്വസിക്കുമെന്ന് വിചാരിച്ചു. പക്ഷേ അതുണ്ടായില്ല. ഞാൻ വീണ്ടും പോരാടി. ഒടുവിൽ, ഈ രാജ്യത്തെ തന്നെ ഏറ്റവും വലിയ താരമായ യഷിനൊപ്പം ‘ടോക്സിക്’ എന്ന ഏറ്റവും വലിയ സിനിമ ചെയ്തു. അദ്ദേഹം എന്നെ വിശ്വസിച്ചു. യഷ് എന്നെ വിശ്വസിച്ചപ്പോൾ, എല്ലാവരും എന്നെ വിശ്വസിക്കാൻ തുടങ്ങി.’ ഗീതു മോഹൻദാസ് പറഞ്ഞു.
അതേസമയം, ‘ടോക്സിക്’ ലോകത്തെ ആദ്യമായി പരിചയപ്പെടുത്തുമ്പോൾ യഷ് സ്വയം പിന്നിലേക്ക് മാറി ചിത്രത്തിലെ വനിതാ കഥാപാത്രങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിയത് ശ്രദ്ധേയമായിരുന്നു. കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന വനിതാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഥയ്ക്കും കഥാപാത്രങ്ങൾക്കും പ്രാധാന്യം നൽകുന്ന ആഖ്യാനമായിരിക്കും ചിത്രത്തിന്റേതെന്ന സൂചനയും ഇതിലൂടെ ലഭിച്ചിരുന്നു.
യഷും ഗീതു മോഹൻദാസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ചിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ഡബ്ബ് പതിപ്പുകളും ഒരുക്കുന്നുണ്ട്. ആഗോള പ്രേക്ഷകരെ ലക്ഷ്യമിട്ടാണ് ചിത്രം എത്തുന്നത്.
ദേശീയ അവാർഡ് ജേതാവായ രാജീവ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. രവി ബസ്രൂർ സംഗീതവും ഉജ്വൽ കുൽക്കർണി എഡിറ്റിംഗും നിർവഹിക്കുന്നു. ടി.പി. അബിദാണ് പ്രൊഡക്ഷൻ ഡിസൈൻ. ‘ജോൺ വിക്ക്’ ഉൾപ്പെടെയുള്ള ഹോളിവുഡ് ചിത്രങ്ങളിൽ പ്രവർത്തിച്ച ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറിയും ദേശീയ അവാർഡ് ജേതാക്കളായ അൻപറിവും കേച ഖംഫാക്ഡിയും ചേർന്നാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്.
വെങ്കട് കെ. നാരായണയും യഷും ചേർന്ന് KVN പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറുകളിലാണ് ‘ടോക്സിക്’ നിർമിക്കുന്നത്. ചിത്രത്തിന്റെ പിആർഒ പ്രതീഷ് ശേഖറാണ്.





