തിരുവനന്തപുരം:∙ ‘കള്ളൻ വിജയൻ’ ലേഖന വിവാദത്തിൽപ്പെട്ട ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെ ചുമതലയുണ്ടായിരുന്ന എഡിറ്റർ കെ.ആർ. അജയൻ രാജിവച്ചു. രാജിവയ്ക്കുകയോ അവധിയിൽ പോകുകയോ ചെയ്യണമെന്ന് ദേശാഭിമാനി പത്രാധിപസമിതി അദ്ദേഹത്തെ അറിയിച്ചിരുന്നു. ഇതോടെയാണ് കെ.ആർ.അജയൻ രാജിവച്ചത്. അതേസമയം ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കില്ലെന്ന ഉറപ്പിൻമേലാണ് കെ.ആർ. അജയൻ പത്രത്തിന്റെ ചുമതലയുള്ള കെ.ജെ.തോമസിനു രാജി സമർപ്പിച്ചത്.
വിഎസ്.അച്യുതാനന്ദനെ അനുസ്മരിക്കുന്ന കവർ സ്റ്റോറി സഹിതം തയാറാക്കിയ വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കുന്നതു മാറ്റിവച്ചതുമായി ബന്ധപ്പെട്ട വിവാദമാണ് രാജിയിലേക്ക് എത്തിച്ചത്. നാലു മാസത്തിനു ശേഷം വിരമിക്കാനിരിക്കെയാണ് അജയൻ രാജിവയ്ക്കേണ്ടി വന്നിരിക്കുന്നത്. വിവാദമുണ്ടായതിനു പിന്നാലെതന്നെ വാരാന്തപ്പതിപ്പിന്റെ ചുമതലയിൽനിന്ന് അജയനെ മാറ്റിയിരുന്നു.






