BREAKING NEWS

വ്യക്തിയോ പാർട്ടിയോ ഭരണഘടനയ്ക്ക് മുകളിലല്ല; കോടതിയുടെ അധികാരം ദുർബലപ്പെടുത്താനുള്ള നീക്കങ്ങൾ ഉരുക്കുമുഷ്ടികൊണ്ട് നേരിടും: സുപ്രീംകോടതി

· · 1 min read
Share: Copied!

ന്യൂഡൽഹി: ഒരു വ്യക്തിയും രാഷ്ട്രീയപാർട്ടിയും ഭരണഘടനയ്ക്ക് മുകളിലല്ലെന്നും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം രാഷ്ട്രീയസൗകര്യത്തിനനുസരിച്ച് തീരുമാനിക്കാവുന്ന ഒന്നല്ലെന്നും സുപ്രീംകോടതി. കോടതിയുടെ അധികാരത്തെ അവമതിക്കാനുള്ള ശ്രമങ്ങൾ ഉരുക്കുമുഷ്ടികൊണ്ട് നേരിടുമെന്നും ജസ്റ്റിസ് അരവിന്ദ് കുമാർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ രാജിയാവശ്യപ്പെട്ട് സാമൂഹികമാധ്യമമായ എക്സിൽ പോസ്റ്റിട്ട സംഭവത്തിൽ കെ.പി.സി.സിക്കെതിരായ കോടതിയലക്ഷ്യ ഹർജിയിൽ നോട്ടീസ് അയച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ രൂക്ഷമായ പരാമർശം.

ക്രിമിനൽ കോടതിയലക്ഷ്യ നടപടിയാണോ സിവിൽ കോടതിയലക്ഷ്യ നടപടിയാണോ സ്വീകരിക്കേണ്ടതെന്ന് പരിശോധിക്കാൻ അരവിന്ദ് ദത്താർ, ഗൗരവ് അഗർവാൾ എന്നിവരെ അമിക്കസ് ക്യൂറിമാരായി നിയമിക്കാനും കോടതി തീരുമാനിച്ചു. അറ്റോർണി ജനറലിന്റെ സഹായവും തേടിയിട്ടുണ്ട്.

സുപ്രീംകോടതിയുടെ അധികാരം രാഷ്ട്രീയനേതൃത്വത്തിന്റെ അനുമതിയെ ആശ്രയിച്ചല്ല നിലനിൽക്കുന്നതെന്ന് ബെഞ്ച് വ്യക്തമാക്കി. ഭരണഘടനയിലും നിയമങ്ങളിലും അധിഷ്ഠിതമായാണ് കോടതി പ്രവർത്തിക്കുന്നത്. കോടതിവിധികളെ എത്ര രൂക്ഷമായും വിമർശിക്കാം. എന്നാൽ അഭിപ്രായസ്വാതന്ത്ര്യം നീതിനിർവഹണത്തിൽ ഇടപെടുന്നതിനോ കോടതിയെ ഭീഷണിപ്പെടുത്തുന്നതിനോ ഉള്ളതാകരുതെന്നും ബെഞ്ച് നിരീക്ഷിച്ചു.

ഇത്തരം വിഷയങ്ങളിൽനിന്ന് കോടതി അകലം പാലിക്കുന്നത് ദൗർബല്യംകൊണ്ടല്ലെന്നും ഉത്തരവാദികളായവർ എത്ര ഉന്നതരായാലും നിയമം അതിന്റെ വഴിക്കുപോകുമെന്നും ബെഞ്ച് മുന്നറിയിപ്പ് നൽകി. വിവാദ പോസ്റ്റിന്റെ പേരിൽ കെ.പി.സി.സി നിരുപാധികം മാപ്പപേക്ഷ നൽകിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ക്രമസമാധാനം കൈകാര്യം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ രാജിവെക്കണമെന്നും അതിന് കഴിയുന്നവരെ തങ്ങൾ പകരം കണ്ടെത്താമെന്നുമായിരുന്നു ചീഫ് ജസ്റ്റിസിനെ അഭിസംബോധന ചെയ്തുള്ള പോസ്റ്റിലെ പരാമർശം. കെ.പി.സി.സിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പ്രസിദ്ധീകരിച്ച പോസ്റ്റ് വിവാദമായതോടെ നീക്കം ചെയ്തിരുന്നു.

BREAKING NEWS
'അവളെ എഴുതിത്തള്ളിയാൽ മതിയെന്ന് പറഞ്ഞവരോട് അച്ഛൻ പറഞ്ഞത്'; ഹൃദയസ്പർശിയായ കുറിപ്പുമായി അശ്വതി ശ്രീകാന്ത്
28 Nov 2026
BREAKING NEWS
മകളെ പുറത്ത് കാത്തുനിർത്തി റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിലേക്ക് പോയ 60-കാരിക്ക് നേരെ ക്രൂരപീഡനം; സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം ഫലം കണ്ടു, 25-കാരൻ അറസ്റ്റിൽ
28 Nov 2026
BREAKING NEWS
മുഖ്യമന്ത്രിയുടെ പ്രസംഗം വ്യാജമായി പ്രചരിപ്പിച്ചു, എം വി ഗോവിന്ദനും കെ കെ രാഗേഷിനുമെതിരെ പരാതി
28 Nov 2026
BREAKING NEWS
വാതില്‍ തള്ളിത്തുറന്ന് അകത്ത് കയറി, ബഹളം വച്ചതോടെ മര്‍ദിച്ച് അവശയാക്കി, പിന്നാലെ ക്രൂര പീഡനം, റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിൽ 60കാരിയെ ബലാത്സംഗം ചെയ്തു, 25കാരന്‍ പിടിയില്‍
28 Nov 2026