രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചന നൽകി സംവിധായകനും റിയാലിറ്റി ഷോ താരവുമായ അഖിൽ മാരാർ. അനാവശ്യമായി മറ്റുള്ളവർക്കുവേണ്ടി സംസാരിച്ച് താൻ ഒരുപാടുപേരെ വെറുപ്പിച്ചുവെന്ന് അഖിൽ ഫെയ്സ്ബുക്കിൽ കുറിച്ചു. നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ പിന്തുണച്ചത് തനിക്ക് ഏറ്റവും കൂടുതൽ വെറുപ്പ് കിട്ടിയ ഒരു വിഷയമായിരുന്നു. ദിലീപ് വിഷയത്തിൽ അയാളിൽ ഒരു സത്യം ഉണ്ടെന്ന് കരുതി സമൂഹം അയാളെ ഇല്ലാതാക്കാൻ നോക്കുന്നു എന്ന് കണ്ടു മാത്രം പിന്തുണച്ചതാണെന്നും എന്നാൽ കുറെ പേർ പറഞ്ഞത് പണം വാങ്ങി സംസാരിക്കുന്നു എന്നാണെന്നും അഖിൽ മാരാർ കുറിച്ചു. വേടനെതിരെ സംസാരിച്ചതോടെ ദളിത് സമൂഹം അനാവശ്യമായി തന്റെ ശത്രുവായെന്നും അഖിൽ പറയുന്നു. “ഞാൻ ആലോചിക്കാറുണ്ട് സത്യത്തിൽ ഞാൻ എന്ത് തെറ്റാണു ചെയ്തതെന്ന്.. അഖിൽ എന്നെ സഹായിച്ചിട്ടുണ്ട് എന്നല്ലാതെ അവൻ എന്നെ ചതിച്ചവൻ ആണെന്ന് ഒരാൾ പോലും പറയില്ല..
അനാവശ്യമായി മറ്റുള്ളവർക്ക് വേണ്ടി സംസാരിച്ചു ഒരുപാട് പേരെ വെറുപ്പിച്ചു.. ഏറ്റവും കൂടുതൽ വെറുപ്പ് എനിക്ക് കിട്ടിയ ഒരു വിഷയമായിരുന്നു ദിലീപിനെ പിന്തുണച്ചത്.. അന്ന് കുറെ പേര് പറഞ്ഞു ഞാൻ പണം വാങ്ങി സംസാരിക്കുന്നു എന്ന്.. തെണ്ടി തിരിഞ്ഞു കുത്തു പാള എടുത്തു നിന്ന നാളിൽ പോലും എനിക്കൊരു 5000 രൂപ വേണം എന്ന് ഞാൻ ആരോടും ചോദിച്ചിട്ടില്ല..ദിലീപ് വിഷയത്തിൽ അയാളിൽ ഒരു സത്യം ഉണ്ടെന്ന് കരുതി സമൂഹം അയാളെ ഇല്ലാതാക്കാൻ നോക്കുന്നു എന്ന് കണ്ടു മാത്രം പിന്തുണച്ചു..
ദിലീപിന് വേണ്ടി പല തവണ എന്നെ വിളിച്ചിട്ടുള്ള നാദിർഷ ദിലീപിന്റെ ജീവിതം തകർത്ത പി ടി തോമസ് ന്റെ ഭാര്യ മത്സരിക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ വോട്ടർ ആയിട്ട് കൂടി എനിക്കൊരു ആശംസ പോലും നൽകിയില്ല എന്ന് മാത്രമല്ല പിഷാരടിക്കു വേണ്ടി പ്രോഗ്രാം ചെയ്തു കൊടുക്കാൻ പോയി.. അവനവനു വേണ്ടിയല്ലാതെ അപരന് വേണ്ടി സംസാരിച്ചു ശത്രുക്കളെ ഉണ്ടാക്കിയ എനിക്ക് നാളിതുവരെ എന്താ യാതൊരു പ്രശ്ങ്ങളും ഇല്ലാതെ സന്തോഷത്തോടെ മുന്നോട്ട് പോകാൻ കഴിയുന്നതെന്ന് ചോദിച്ചാൽ എന്റെ സത്യം തിരിച്ചറിയുന്ന ഒരു ശക്തി എന്റെ കൂടെയുണ്ട്. വിരലിൽ എണ്ണാവുന്ന കൂട്ടുകാർ മാത്രമേ അന്നും ഇന്നും ഉള്ളു.. എന്റെ ശബ്ദം ഇനി എനിക്ക് വേണ്ടി മാത്രമായി ഒതുക്കി സന്തോഷത്തോടെ ഞാൻ എന്റെ കുടുംബത്തിന് വേണ്ടി ജീവിക്കും..”- അഖിൽ മാരാർ കുറിച്ചു.






