തിരുവനന്തപുരം: വിസ്മയ മോഹന്‍ലാലിനെതിരായ സൈബര്‍ ആക്രമണത്തിനെതിരെ നടി സീമ ജി നായര്‍ രംഗത്തെത്തിയിരുന്നു. സീമയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. നിരവധി പേരാണ് സീമയുടെ നിലപാടിന് കയ്യടിച്ചെത്തിയത്. ഇതിനിടെ സീമയ്‌ക്കെതിരെ ഒരാള്‍ കമന്റുമായെത്തി. അയാള്‍ക്ക് സീമ നല്‍കിയ മുഖമടച്ച മറുപടിയും ഇപ്പോള്‍ കയ്യടി നേടുകയാണ്. വിസ്മയയെ പിന്തുണയ്ക്കുന്ന സീമ, പേളി മാണിക്കെതിരെ സൈബര്‍ ആക്രമണുണ്ടായപ്പോള്‍ ഉറങ്ങുകയായിരുന്നുവോ എന്ന കമന്റിനായിരുന്നു സീമ മറുപടി നല്‍കിയത്.
”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ നിങ്ങള്‍ ഉറങ്ങുകയായിരുന്നോ. അപ്പോള്‍ നിങ്ങള്‍ നന്മ മരം ഒന്നുമല്ല ഫേക്ക് ആണ്. കാരണം മോഹന്‍ലാലിനെ സന്തോഷിപ്പിച്ചാല്‍ നിങ്ങള്‍ക്ക് ഗുണമുണ്ട്. പേളി മാണിയെയോ രേണു സുധിയെയോ ഒക്കെ സപ്പോര്‍ട്ട് ചെയ്തിട്ട് എന്ത് കിട്ടാനാണ്” എന്നായിരുന്നു കമന്റ്. ഇതിന് സീമ ജി നായര്‍ നല്‍കിയ മറുപടി ‘അപ്പോള്‍ ഞാന്‍ ഉറങ്ങി’ എ്ന്നായിരുന്നു. സീമ ജി നായരുടെ മറുപടിയ്ക്ക് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. അതേസമയം വിസ്മയയ്ക്ക് പിന്തുണ അറിയിക്കുന്ന സീമ ജി നായരുടെ കുറിപ്പും ചര്‍ച്ചയായി മാറിയിരുന്നു.
”ഇത്രയധികം വലിച്ചു കീറാന്‍ ഈ മോള്‍ എന്താണ് ചെയ്തത്, ഈ ജനധിപത്യ രാജ്യത്തില്‍ സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലേ, അവരവര്‍ക്ക് ഇഷ്ട്ടമുള്ള കാര്യങ്ങള്‍ പറഞ്ഞില്ലെങ്കില്‍, ഏതു വിധേനയും തേച്ച് ഒട്ടിക്കുക, എത്രമാത്രം നികൃഷ്ട്ടമായി സംസാരിക്കാമോ അത്രയും സംസാരിക്കുക, ചില കമന്റുകള്‍ വായിക്കുന്ന നമ്മുക്ക് പോലും സഹിക്കുന്നില്ല, രാഷ്ട്രീയ അന്ധത പിടിച്ച കണ്ണുകള്‍’ എന്നാണ് സീമ ജി നായര്‍ കുറിച്ചത്.






