കാസര്‍കോട്: കളിക്കുന്നതിനിടയില്‍ പെന്‍സില്‍ കുത്തിക്കയറി എല്‍കെജി വിദ്യാര്‍ത്ഥിയുടെ കണ്ണിന് ഗുരുതര പരിക്ക്. രണ്ടു ശസ്ത്രക്രിയകള്‍ നടത്തിയിട്ടും കാഴ്ച പൂര്‍വ്വ സ്ഥിതിയില്‍ എത്താത്തതിനെ തുടര്‍ന്ന് കുട്ടിയെ വിദഗ്ധ ചികിത്സക്കായി കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ഉപ്പള, കൈക്കമ്പ സ്വദേശിയായ വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്. ഉപ്പളയിലെ ഒരു എഎല്‍പി സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്.
ജൂലായ് 29ന് ആണ് കുട്ടിയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റ സംഭവം ഉണ്ടായത്.കുട്ടികള്‍ കളിച്ചു കൊണ്ടിരിക്കെ പെന്‍സില്‍ മൂന്നു വയസ്സുകാരന്റെ വലതു കണ്ണിലേക്ക് കുത്തിക്കയറുകയായിരുന്നു. കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിന് പകരം വീട്ടില്‍ എത്തിക്കുകയായിരുന്നുവെന്നു ആക്ഷേപമുണ്ട്. വീട്ടുകാര്‍ കുട്ടിയെ മംഗ്‌ളൂരു ആശുപത്രിയിലെത്തിച്ചു നടത്തിയ പരിശോധനയില്‍ സാരമായി പരിക്കേറ്റതായി സ്ഥിരീകരിച്ചു.
കാഴ്ച നഷ്ടപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ രണ്ട് ശസ്ത്രക്രിയകള്‍ക്ക് കുട്ടിയെ വിധേയനാക്കി. എന്നാല്‍ ഗുരുതരാവസ്ഥ മാറാത്തതിനെ തുടര്‍ന്നാണ് ഇന്ന് (ബുധന്‍)കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

















































