കോട്ടയം: ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് പിടിക്കാൻ വെള്ളത്തിലിറങ്ങിയ യുവാവിനെ കാണാതായി. കോട്ടയം മണർകാട് നാലുമണിക്കാറ്റ് പറമ്പുകര സ്വദേശിയായ ശരൺ (30) നെയാണ് കാണാതായത്.
കഴിഞ്ഞദിവസം രാത്രിയോടെയാണ് പ്രദേശത്ത് വെള്ളം ഉയർന്നതിനെത്തുടർന്നാണ് വീടിന് സമീപത്തുണ്ടായിരുന്ന വാട്ടർ ടാങ്ക് ഒലിച്ചുപോയത്. ഇത് പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടയിൽ യുവാവ് അപകടത്തിൽപ്പെടുകയായിരുന്നു. കാണാതായ ശരണിനായി പ്രദേശത്ത് ഫയർഫോഴ്‌സും പ്രാദേശവാസികളും തിരച്ചിൽ തുടരുകയാണ്. മീനച്ചിലാറും മണിമലയാറും കരകവിഞ്ഞൊഴുകിയതോടെ കോട്ടയം എംസി റോഡിലടക്കം രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്.
കോട്ടയത്ത് നിലവിൽ മഴ മാറിനിൽക്കുന്നത് ആശ്വാസമാണെങ്കിലും പല പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. ദുരിതബാധിതരായ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.


















































