കോഴിക്കോട്: മയക്കുമരുന്ന് നൽകി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ സാഹസികമായി പിടികൂടി പോലീസ്. ബാലുശ്ശേരി ഉണ്ണികുളം സ്വദേശി കിരണിനെയാണ് എലത്തൂർ പോലീസ് പുള്ളാവൂരിലെ ഒരു ലോഡ്ജിൽ നിന്ന് അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തെ തുടർന്ന് ലോഡ്ജ് വളഞ്ഞ പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. ഇയാൾക്കൊപ്പം ലോഡ്ജിൽ പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടിയെയും കണ്ടെത്തി. കുട്ടിയെ ഉടൻ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി ആവശ്യമായ സംരക്ഷണം ഉറപ്പാക്കിയതായി പോലീസ് അറിയിച്ചു.
പ്രതിക്കെതിരെ നേരത്തെ മയക്കുമരുന്ന് നൽകി പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസാണ് രജിസ്റ്റർ ചെയ്തിരുന്നത്. അന്വേഷണത്തിനിടെ ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപയോഗിച്ച് ലഹരി വിൽപ്പന നടത്തിയിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
പിടിയിലായ പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും ഇയാളുമായി ബന്ധപ്പെട്ട മറ്റുള്ളവരെയും കണ്ടെത്താനുള്ള ശ്രമം പോലീസ് തുടരുകയാണ്.



















































