കൊച്ചി: പെരുമ്പാവൂരിൽ വീട്ടിൽ അതിക്രമിച്ച് കയറി യുവതിക്കെതിരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. നെല്ലിക്കുഴി സ്വദേശി എബിൻ ടോമിയെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കഴിഞ്ഞ ജൂലൈ 10-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മോഷണ ഉദ്ദേശത്തോടെ യുവതിയുടെ വീട്ടിലെത്തിയ പ്രതി, വീട് ഒഴിഞ്ഞുകിടക്കുകയാണെന്ന് കരുതി അകത്ത് കയറിയെന്നാണ് പൊലീസ് പറയുന്നത്. വൈകിട്ട് ഏഴുമണിയോടെ യുവതി വീട്ടിലെത്തിയപ്പോൾ കവർച്ചാശ്രമം നടന്നതായി ശ്രദ്ധയിൽപ്പെട്ടു. ഇതിനിടെ വീടിനുള്ളിൽ ഒളിച്ചിരുന്ന പ്രതി വാതിൽ അടച്ച് യുവതിയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.
എന്നാൽ യുവതി ശക്തമായി പ്രതിരോധിക്കുകയും ഉറക്കെ നിലവിളിക്കുകയും ചെയ്തതോടെ അയൽവാസികളും നാട്ടുകാരും സ്ഥലത്തെത്തുകയായിരുന്നു. ഇതോടെ പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
തുടർന്ന് യുവതി പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ വ്യാപക അന്വേഷണത്തിനൊടുവിൽ ഒളിവിൽ കഴിയുകയായിരുന്ന എബിൻ ടോമിയെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.


















































