മലപ്പുറം: അധ്യാപകന്റെ അപ്രതീക്ഷിത അടിയിൽ കൽപകഞ്ചേരി കല്ലിങ്ങപ്പറമ്പ് എംഎസ്എംഎച്ച്എസ്എസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈയ്ക്ക് പൊട്ടൽ. ഹോംവർക്ക് ചെയ്തില്ലെന്ന കാരണം പറഞ്ഞ് കണക്ക് മാഷാണ് ചൂരൽ കൊണ്ട് അടിച്ചെന്ന് വിദ്യാർഥിനി പറഞ്ഞു. പൊട്ടലുള്ള കൈകൊണ്ട് വീണ്ടും നിർബന്ധിച്ച് ബോർഡിൽ എഴുതിച്ചെന്നും വിദ്യാർഥിനി പറഞ്ഞു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുടുംബം പോലീസിലും ബാലാവകാശ കമ്മീഷനും പരാതി നൽകി.
ഹോം വർക്ക് ചെയ്തില്ലെന്ന് പറഞ്ഞതോടെ കുട്ടി ഇരിക്കുന്നതിന് പുറക് വശത്തിലൂടെ വന്ന അധ്യാപകൻ വലിയൊരു ചൂരൽ കൊണ്ട് കൈപത്തിക്ക് മുകൾ ഭാഗത്തായി അടിക്കുകയായിരുന്നു. അടിച്ചതിന് ശേഷം അധ്യാപകൻ കുട്ടിയെ കൊണ്ട് ബോർഡിൽ എഴുതിപ്പിച്ചു. ഇതിനിടെ കൈ വീർത്തുവരുന്നത് കണ്ടതോടെയാണ് അടിച്ച അധ്യാപകനും പ്രധാന അധ്യാപകനും ചേർന്ന് വീട്ടിലേക്ക് വിളിച്ച് അറിയിച്ചത്. സ്‌കൂളിൽ നിന്നുള്ളവർ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോവാൻ തയ്യാറായില്ല എന്നും വീട്ടുകാർ പറയുന്നു.


















































