BREAKING NEWS

കാണാതായ പാക് വിമാനം അറബിക്കടലിൽ തകർന്നുവീണതുതന്നെയെന്ന് സ്ഥിരീകരിച്ചു; അവശിഷ്ടങ്ങൾ കണ്ടെത്തി, അഞ്ച് പേർക്കായി തിരച്ചിൽ

· · 1 min read
Share: Copied!

കറാച്ചി: ഷാർജയിൽ നിന്ന് പാകിസ്താനിലെ കറാച്ചിയിലേക്ക് പുറപ്പെട്ട സ്വകാര്യ ചരക്കുവിമാനം അറബിക്കടലിൽ തകർന്നുവീണതായി സ്ഥിരീകരിച്ചു. അപകടം നടന്ന് ഏകദേശം 12 മണിക്കൂറിന് ശേഷം ഒർമാര തുറമുഖത്തിന് തെക്ക് 53 നോട്ടിക്കൽ മൈൽ അകലെ ആഴക്കടലിൽ നിന്ന് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി പാകിസ്താൻ അധികൃതർ അറിയിച്ചു. കെ2 എയർവേയ്‌സിന്റെ ബോയിങ് 737-400 ചരക്കുവിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന അഞ്ച് ജീവനക്കാർക്കായി പാകിസ്താൻ നാവികസേനയും മാരിടൈം സെക്യൂരിറ്റി ഏജൻസിയും സംയുക്തമായി തെരച്ചിൽ തുടരുകയാണ്.

ചൊവ്വാഴ്ച രാത്രി പാകിസ്താൻ സമയം 9.18ഓടെയാണ് വിമാനത്തിൽ സാങ്കേതിക തകരാർ ഉണ്ടായതായി പൈലറ്റുമാർ എയർ ട്രാഫിക് കൺട്രോളിനെ അറിയിച്ചത്. മിനിറ്റുകൾക്കകം വിമാനവുമായുള്ള റഡാർ, റേഡിയോ ബന്ധങ്ങൾ പൂർണമായും നഷ്ടമായി. കറാച്ചിയിൽ നിന്ന് ഏകദേശം 287 കിലോമീറ്റർ അകലെയാണ് വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായത്.

ഫ്ലൈറ്റ് ട്രാക്കിങ് സേവനമായ ‘ഫ്ലൈറ്റ്‌റഡാർ24’ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, വിമാനം ആദ്യം വളരെ വേഗത്തിൽ ഉയരം നഷ്ടപ്പെടുകയും പിന്നീട് അൽപസമയം വീണ്ടും ഉയരുകയും ചെയ്തു. എന്നാൽ അതിന് പിന്നാലെ 36,550 അടി ഉയരത്തിൽ നിന്ന് നിയന്ത്രണം വിട്ട് അതിവേഗത്തിൽ അറബിക്കടലിലേക്ക് പതിക്കുകയായിരുന്നു. മണിക്കൂറിൽ ഏകദേശം 400 കിലോമീറ്റർ വേഗതയിലായിരുന്നു അവസാന പതനമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ക്യാപ്റ്റൻ മുഹമ്മദ് രിസ്‌വാൻ ഇദ്‌രീസ്, സഹപൈലറ്റ് ഫൈസൽ ജതോയ്, ഫ്ലൈറ്റ് എഞ്ചിനീയർമാരായ മുഹമ്മദ് ഹാമിദ്, മുഹമ്മദ് ആരിഫ് സിദ്ദിഖി, ലോഡർ മുഹമ്മദ് തൗഫീഖ് ഖാൻ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവർക്കായി കടലിൽ വ്യാപക തെരച്ചിൽ തുടരുകയാണ്.

അപകടത്തിൽ കാണാതായ ജീവനക്കാരുടെ കുടുംബങ്ങളോട് പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് അനുശോചനം രേഖപ്പെടുത്തി. 27 വർഷം പഴക്കമുള്ള ഈ ബോയിങ് 737 വിമാനം ആദ്യം യാത്രാവിമാനമായാണ് സർവീസ് നടത്തിയിരുന്നത്. 2012-ൽ ചരക്കുവിമാനമാക്കി മാറ്റിയ ഇത് പിന്നീട് കെ2 എയർവേയ്‌സ് ഏറ്റെടുക്കുകയായിരുന്നു. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി പാകിസ്താൻ നടത്തുന്ന അന്വേഷണത്തിന് അമേരിക്കയുടെ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും ബോയിങ് കമ്പനിയുടെ വിദഗ്ധരും സാങ്കേതിക സഹായം നൽകുമെന്ന് അധികൃതർ അറിയിച്ചു.

BREAKING NEWS
‘ബാബ്‌റി മസ്ജിദിനുവേണ്ടി കരഞ്ഞെന്ന് സോണിയ പറയുന്നു; 1984-ൽ ഗുരുദ്വാരകൾ ആക്രമിക്കപ്പെട്ടപ്പോഴും ആയിരക്കണക്കിന് നിരപരാധികൾ കൊല ചെയ്യപ്പെട്ടപ്പോഴും സോണിയാ ഗാന്ധി ഒരു തുള്ളി കണ്ണീർ പൊഴിച്ചിരുന്നോ?‘ ബിലോങ്ങിങ് അല്ല വൈറ്റ്‌വാഷിങ്‘: ബിജെപി
10 Nov 2026
BREAKING NEWS
ഒരു പാട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലിന്റെ വില നാല് ദശലക്ഷം ഡോളർ, ജൂലൈ പകുതിയോടെ മധ്യപൂർവദേശത്ത് യുഎസ് തൊടുത്തത് 1,700ലധികം പാട്രിയറ്റ് ഇന്റർസെപ്റ്ററുകളും 200ലധികം THAAD മിസൈലുകളും... ''ഞങ്ങളില്ലായിരുന്നെങ്കിൽ ഇസ്രയേൽ പോലും നിലനിൽക്കുമായിരുന്നില്ല... യുഎസ് സംരക്ഷിച്ച രാജ്യങ്ങളെല്ലാം ഇറാൻ യുദ്ധത്തിന...
10 Nov 2026
BREAKING NEWS
വീ‌ടിരിക്കുന്നത് വളവിനോട് ചേർന്ന്... ഡ്രൈവർ ഉറങ്ങിപ്പോയി, പച്ചക്കറിയുമായി വന്ന മിനിലോറി നിയന്ത്രണം വിട്ട് വീടിന് മുന്നിലേക്ക് ഇടിച്ചു കയറി, വാഹനം ചുമരിൽ തട്ടിനിന്നതിനാൽ ഒഴിവായത് വൻ അപകടം
10 Nov 2026
BREAKING NEWS
'സ്വാതന്ത്ര്യസമര സേനാനിയുടെ മകനായ എന്നെ ആരും ദേശസ്‌നേഹം പഠിപ്പിക്കേണ്ട; ബിജെപിയുടെ അജണ്ട നടപ്പാക്കാൻ അനുവദിക്കില്ല'; വന്ദേമാതരം വിവാദത്തിൽ പ്രതികരിച്ച് കെ. മുരളീധരൻ
10 Nov 2026