മുംബൈ: ട്രെയിനിലെ ഫസ്റ്റ് എ.സി കോച്ചിലെ കാബിൻ ‘ഹണിമൂൺ സ്യൂട്ടി’ന് സമാനമായി അലങ്കരിച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. 11002 നമ്പർ നന്ദേദ്ഗ്രാം എക്സ്പ്രസിലെ ഫസ്റ്റ് എ.സി കോച്ചാണ് ശ്രദ്ധ നേടിയത്. പൂക്കളും ബലൂണുകളും ഉപയോഗിച്ച് അലങ്കരിച്ച കാബിനിൽ ചുമരിൽ ‘ഐ ലവ് യൂ’ എന്ന് ഒട്ടിക്കുകയും ചെയ്തു.
മഹാരാഷ്ട്രയിലെ ജാൽന സ്വദേശികളായ നവദമ്പതികൾക്കായാണ് ഈ പ്രത്യേക അലങ്കാരം ഒരുക്കിയത്. റാഹത് റൂം ഡെക്കറേഷൻ എന്ന സ്ഥാപനമാണ് കോച്ചിലെ കാബിനെ ‘മധുവിധു മുറി’യാക്കി മാറ്റിയത്. ഔറംഗാബാദിൽ നിന്ന് ജാൽന റെയിൽവേ സ്റ്റേഷനിലെത്തിയ നവദമ്പതികൾ ട്രെയിനിൽ കയറുന്നതിന് മുമ്പാണ് ജീവനക്കാർ അലങ്കാരപ്പണികൾ പൂർത്തിയാക്കിയത്.
എന്നാൽ വീഡിയോ വൈറലായതോടെ സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു. ആവശ്യമായ അനുമതിയില്ലാതെ പുറംസ്ഥാപനത്തിലെ ജീവനക്കാർ കോച്ചിനകത്ത് പ്രവേശിച്ചതും അലങ്കാരപ്പണികൾ നടത്തിയതും ഗുരുതര ചട്ടലംഘനമാണെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന ചീഫ് ടിക്കറ്റ് ഇൻസ്‌പെക്ടർ ഗിരീഷ് കുമാറിനെ സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ വകുപ്പുതല അന്വേഷണം ആരംഭിച്ചതായും ഉത്തരവാദികൾക്കെതിരെ തുടർനടപടി സ്വീകരിക്കുമെന്നും റെയിൽവേ അറിയിച്ചു.
A First AC coach has reportedly been decorated with a "honeymoon-style" setup.
The Railway administration must explain: is it's allowed? @RailMinIndia @RailwaySeva @AshwiniVaishnaw @PMOIndia pic.twitter.com/ofE4AGawJH
— The Nalanda Index (@Nalanda_index) July 7, 2026

















































