ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ടെക്സ്റ്റൈൽസിനുള്ളിൽ 18കാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു. മോട്ടി നഗർ മെട്രോ സ്റ്റേഷന് സമീപത്തെ വസ്ത്രമഹൽ ടെക്സ്റ്റൈൽസിൽ ജോലി ചെയ്തിരുന്ന ഷബ്നമാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി കടയടക്കുന്ന സമയത്ത് മറ്റുജീവനക്കാരാണ് രക്തത്തിൽ കുളിച്ച നിലയിൽ ട്രയൽ റൂമിൽ മൃതദേഹം കണ്ടത്.
സഹൃത്തായ സൂരജ് എന്ന യുവാവാണ് കൊലപ്പെടുത്തിയതെന്ന് കുടുംബം പൊലീസിൽ പരാതിപ്പെട്ടു. വെസ്റ്റ് ഡൽഹിയിൽ കുടുംബസമേതമാണ് ഷബ്നം താമസിച്ചിരുന്നത്. നേരത്തെ സൗഹൃദത്തിലായിരുന്ന സൂരജ് മുമ്പും യുവതിയെ ശാരീരികമായി ഉപദ്രവിച്ചിരുന്നതായി കുടുംബം ആരോപിച്ചു. ഇയാൾ പെൺകുട്ടിയെ പ്രണയിച്ചിരുന്നുവെന്നും എന്നാൽ ഷബ്നം പ്രണയാഭ്യർഥന നിരസിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. ഇന്നലെ വൈകീട്ട് ഷബ്നത്തിന്റെ ജോലി സമയം അവസാനിക്കാറായപ്പോഴാണ് സൂരജ് ഷോറൂമിലെത്തിയത്. മൂർച്ചയേറിയ ആയുധവുമെടുത്താണ് ഇയാൾ വന്നതെന്നാണ് പൊലീസ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്.
സംസാരിക്കാനെന്ന വ്യാജേന ഷബ്നത്തെ ട്രയൽ റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയ യുവാവ് അവിടെവെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം കടന്നുകളയുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.രാത്രി ഒമ്പതോടെ ഷോറൂം അടയ്ക്കാൻ ജീവനക്കാർ തയാറെടുക്കുന്നതിനിടെയാണ് സംഭവം പുറത്തറിഞ്ഞത്. ട്രയൽ റൂം പരിശോധിച്ച ജീവനക്കാർ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ ഷബ്നത്തെ കണ്ടെത്തുകയായിരുന്നു. ഉടൻ പൊലീസിൽ വിവരമറിയിച്ചു. മൂർച്ചയേറിയ ആയുധം കൊണ്ട് യുവതിയുടെ കഴുത്തറുത്ത നിലയിലായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് ബന്ധുക്കളും നാട്ടുകാരുമടക്കം നിരവധി പേർ സംഭവസ്ഥലത്ത് തടിച്ചുകൂടി. പ്രതിയെ കണ്ടെത്താൻ ഡൽഹി പൊലീസ് അന്വേഷണ സംഘങ്ങളെ നിയോഗിച്ചു. ഷോറൂമിലെയും സമീപപ്രദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചാണ് പൊലീസ് അന്വേഷണം. പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.