തിരുവനന്തപുരം∙ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ മൂന്ന് വയസുകാരി ശരീരത്തിലൂടെ വാഹനം കയറിയിറങ്ങി ദാരുണാന്ത്യം. രണ്ടുപേർക്ക് പരുക്ക്. അമ്പൂരി കുമ്പിച്ചൽകടവ് പാലത്തിനു സമീപമായിരുന്നു അപകടം. ആര്യങ്കോട് കുറ്റ്യാനിക്കാട് സ്വദേശികളായ അനുപ്രസാദ്- നിസ ദമ്പതികളുടെ മകൾ ഋതു വേദയാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
കുടുംബസമേതം അമ്പൂരി കുമ്പിച്ചൽ കടവിൽ പാലം കാണാനായി ടെമ്പോ ട്രാവലറിൽ എത്തിയതായിരുന്നു. വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ അംഗങ്ങൾ പാലത്തിൽ നിൽക്കുമ്പോൾ ഹാൻഡ് ബ്രേക്ക് അബദ്ധത്തിൽ നീങ്ങി വാഹനം മുന്നോട്ടുരുണ്ടുവന്ന് അപകടമുണ്ടാവുകയായിരുന്നു.
ഹാൻഡ് ബ്രേക്ക് നീങ്ങിയതിനെ തുടർന്ന് മുന്നോട്ടുവെന്ന വാഹനത്തിന്റെ അടിയിൽ കുട്ടി അകപ്പെടുകയായിരുന്നു. കുട്ടിക്ക് പുറമേ കൂടെയുണ്ടായിരുന്ന രണ്ടുപേർക്കും പരുക്ക് പറ്റിയിട്ടുണ്ട്. ഇവരെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെയ്യാർ ഡാം പോലീസ് തുടർനടപടി ആരംഭിച്ചു.
















































