പത്തനംതിട്ട: സൂപ്പർമാർക്കറ്റിനുള്ളിൽ കയറിയ കാട്ടുപന്നി കടയുടമയായ വീട്ടമ്മയെ ആക്രമിച്ചു. ഞായറാഴ്ച രാവിലെ എട്ടരയ്ക്ക് റാന്നിയിലാണ് സംഭവം. ആക്രമണത്തിൽ മന്ദിരംപടി സ്വദേശിനി ബീനയ്ക്കാണ് പരുക്കേറ്റത്.
കൈയ്ക്ക് പരുക്കേറ്റ ബീന ആശുപത്രിയിൽ ചികിത്സതേടി. സൂപ്പർമാർക്കറ്റിൻറെ ചില്ല് തകർത്ത് അകത്തേക്ക് പാഞ്ഞുകയറിയ കാട്ടുപന്നി ബീനയെ ആക്രമിക്കുകയായിരുന്നു. ബീനയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ പന്നി കടയിൽ നിന്നും പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.
പിന്നാലെ ജനവാസ മേഖലയിൽ ഭീതി പരത്തിയ കാട്ടുപന്നിയെ പഞ്ചായത്തിൻറെ അനുമതിയോടെ വെടിവെച്ചു കൊല്ലുകയായിരുന്നു. വിവരമറിഞ്ഞ് ജനപ്രതിനിധികളും വനപാലകരും സ്ഥലത്തെത്തി.

















































