മെൽബൺ: ജൂലൈ എട്ടിന് ഓസ്‌ട്രേലിയ സന്ദർശിക്കാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണി. ഓൺലൈൻ വഴിയാണ് ഭീഷണി സന്ദേശം വന്നിരിക്കുന്നത്.
മെൽബണിൽ ഇന്ത്യൻ വംശജർ സംഘടിപ്പിക്കുന്ന ‘മെൽബൺ മീറ്റ് മോദി’ പരിപാടിയുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന കമന്റിലൂടെയാണ് ഭീഷണി ഉയർന്നത്. “ഓസ്‌ട്രേലിയയിലെത്തിയാൽ മരണമായിരിക്കും ഫലം” എന്നും, പരിപാടി നടക്കുന്ന സ്റ്റേഡിയം അടച്ചിടുന്നതാണ് നല്ലതെന്നുമാണ് കമന്റിൽ പറയുന്നത്.
സംഭവത്തിൽ ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഭീഷണി സന്ദേശം പോസ്റ്റ് ചെയ്ത ഐപി അഡ്രസ് തിരിച്ചറിഞ്ഞതായും, അതിന് മുമ്പ് ഏതെങ്കിലും ക്രിമിനൽ കേസുകളുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും റിപ്പോർട്ടുകളുണ്ട്. സന്ദേശം പോസ്റ്റ് ചെയ്ത സാഹചര്യവും വിശദമായി പരിശോധിക്കുന്നതായി ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ അറിയിച്ചു.
ജൂലൈ എട്ടിന് മെൽബണിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ വംശജരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് പരിപാടി. ഇതിന് പുറമെ, ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള കാർഷിക സഹകരണം ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടക്കാനിരിക്കെയാണ് വധഭീഷണി ഉയർന്നിരിക്കുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മെൽബണിൽ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.

















































