കോട്ടയം: കാൻസർ ബാധിതയാണെന്ന വിവരം ഏതാനും ആഴ്ചകൾക്ക് മുൻപാണ് സോഷ്യൽ മീഡിയ താരം രേണു സുധി ആരാധകരുമായി പങ്കുവെച്ചത്. നിലവിൽ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ് രേണു. രോഗാവസ്ഥയും ചികിത്സയുടെ പുരോഗതിയും സംബന്ധിച്ച വിവരങ്ങൾ അവർ സമൂഹമാധ്യമങ്ങളിലൂടെ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.
മുൻപ് വിമർശിച്ചിരുന്ന പലരും ഇപ്പോൾ രേണുവിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ടെങ്കിലും, അവരുടെ വീഡിയോകൾക്ക് താഴെ ഇപ്പോഴും നെഗറ്റീവ് കമന്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇത്തരം പ്രതികരണങ്ങൾ രേണുവിനെ മാനസികമായി ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് ബിഗ് ബോസിലെ സഹതാരവും ടൈറ്റിൽ ജേതാവുമായ അനുമോൾ പറഞ്ഞു.
ബിഗ് ബോസിലെ സഹതാരങ്ങളായ ആദിലയ്ക്കും നൂറയ്ക്കുമൊപ്പം കഴിഞ്ഞ ദിവസമാണ് അനുമോൾ കോട്ടയം മെഡിക്കൽ കോളജിലെത്തി രേണു സുധിയെ സന്ദർശിച്ചത്.
“സോഷ്യല്‍ മീഡിയയില്‍ ചില നെഗറ്റീവുകളൊക്കെ കാണുന്നതുകൊണ്ട് പുള്ളിക്കാരിക്ക് അതിന്‍റെ ഫ്രസ്ട്രേഷന്‍ ഉണ്ട്. അങ്ങനെയാണ് പുള്ളിക്കാരി ഓരോ വീഡിയോ ഒക്കെ ചെയ്യുന്നത്. വീഡിയോ ഒന്നും ചെയ്യാന്‍ നില്‍ക്കേണ്ടെന്ന് ഞങ്ങള്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാം തുറക്കാനേ പോകണ്ട, ഫോണേ എടുക്കണ്ട എന്ന് പറഞ്ഞിരിക്കുകയാണ്. ഡോക്ടര്‍മാരൊക്കെ വഴക്ക് പറയുന്നുണ്ട് പുള്ളിക്കാരിയെ, ഫോണ്‍ ഉപയോഗിക്കുന്നതിന്. ഇങ്ങനെയുള്ള വീഡിയോകള്‍ കാണുന്നതിനും പ്രതികരിക്കുന്നതിനുമൊക്കെ. അതൊക്കെ ഒന്ന് നിര്‍ത്തിവെക്കാന്‍ പറഞ്ഞിട്ടുണ്ട്. അതൊക്കെ കേള്‍ക്കാം എന്നൊക്കെ പറയുന്നുണ്ട്”, അനുമോള്‍ പറയുന്നു.
“പുള്ളിക്കാരി ഫുഡ് ഒന്നും കഴിക്കുന്നില്ല. ശരീരഭാരം ഇപ്പോള്‍ 34 കിലോഗ്രാമേ ഉള്ളൂ. ഇത്രയും മരുന്ന് ഉള്ളിലേക്ക് പോകുമ്പോള്‍ കുറച്ച് ഹെല്‍ത്തി ആയിരിക്കണം. ശരീരഭാരമെങ്കിലും വേണം. ഫുഡ് ഒക്കെ കഴിച്ച് കുറച്ച് ഹെല്‍ത്തി ആയിട്ട് വരണം. ഞങ്ങള്‍ പറഞ്ഞുകൊടുത്തു. പഴയത് പോലെ വേണ്ടേ, അഭിനയിക്കണ്ടേ, ഉദ്ഘാടനം ചെയ്യണ്ടേ എന്നൊക്കെ പറഞ്ഞു. കേള്‍ക്കാമെന്നും പറഞ്ഞിട്ടുണ്ട്. പഴയതുപോലെ വരട്ടെ എന്നാണ് പ്രാര്‍ഥിക്കുന്നത്. നമുക്ക് അതാണ് വേണ്ടതും”, അനുമോള്‍ പറഞ്ഞു.
















































