കൊച്ചി: ‘അമ്മ’ പ്രസിഡൻറ് സ്ഥാനം ഒഴിയാത്തതുമായി ബന്ധപ്പെട്ട് ശ്വേതാ മേനോൻ ഫേസ്ബുക്കിൽ പങ്കുവെച്ച വിശദീകരണത്തിന് മറുപടിയുമായി നടി അൻസിബ ഹസൻ. താൻ രാജിവയ്ക്കരുതെന്ന് മമ്മൂട്ടിയും മോഹൻലാലും വരെ ആവശ്യപ്പെട്ടിരുന്നെന്ന ശ്വേതയുടെ വാദത്തിൽ വിശ്വാസമില്ലെന്ന് അൻസിബ പറഞ്ഞു. അക്കാര്യം മമ്മൂട്ടിയും മോഹൻലാലും നേരിട്ട് വ്യക്തമാക്കട്ടെയെന്നും അവർ ആവശ്യപ്പെട്ടു.
നടൻ ടിനി ടോമിനെതിരായ കേസിൽ കടവന്ത്ര പൊലീസ് സ്റ്റേഷനിൽ മൊഴി നൽകാനെത്തിയപ്പോഴായിരുന്നു അൻസിബയുടെ പ്രതികരണം. സ്ത്രീത്വത്തെ അപമാനിക്കൽ, മതവികാരം വ്രണപ്പെടുത്തൽ എന്നിവ ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ടിനി ടോമിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ആദ്യം കേസെടുക്കാതിരുന്ന പൊലീസ്, കോടതി നിർദേശത്തെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചത്.

















































