ഓൺലൈൻ വഴി ഓർഡർ ചെയ്ത വസ്ത്രങ്ങളിൽ നിന്ന് ദുർഗന്ധം വമിക്കുന്നുവെന്ന് ആരോപിച്ച് പ്രമുഖ രാജ്യാന്തര ഫാഷൻ ബ്രാൻഡായ സാറക്കെതിരെ പരസ്യ പ്രതികരണവുമായി നടി തൃഷ കൃഷ്ണൻ. തുടർച്ചയായി മൂന്നാം തവണയാണ് തനിക്ക് ഇത്തരമൊരു മോശം അനുഭവം ഉണ്ടാകുന്നതെന്ന് തൃഷ വ്യക്തമാക്കി. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് നടി ബ്രാൻഡിന്റെ ഔദ്യോഗിക ഹാൻഡിലിനെയും കസ്റ്റമർ കെയർ അക്കൗണ്ടിനെയും ടാഗ് ചെയ്തുകൊണ്ട് അതൃപ്തി രേഖപ്പെടുത്തിയത്.
താൻ എന്താണ് ഓർഡർ ചെയ്തതെന്ന് തൃഷ വെളിപ്പെടുത്തിയില്ലെങ്കിലും കടുത്ത ഭാഷയിലായിരുന്നു വിമർശനം. ‘പ്രിയപ്പെട്ട സാറ, ഒരു ചെറിയ അഭ്യർത്ഥനയുണ്ട്. അടുത്ത തവണ ഹോം ഡെലിവറി ചെയ്യുമ്പോൾ വസ്ത്രങ്ങളിൽ നിന്ന് ദുർഗന്ധം (ചെറിയ രീതിയിൽ പോലും) വമിക്കുന്നില്ലെന്ന് ദയവായി ഉറപ്പാക്കുക. ഇത് തുടർച്ചയായി മൂന്നാം തവണയാണ് ഇങ്ങനെയുണ്ടാകുന്നത്. ഇത് വളരെ അരോചകമാണ്.
വസ്ത്രങ്ങൾ പാക്ക് ചെയ്യുന്നതിന് മുമ്പ് അതൊന്ന് മണത്തു നോക്കാനെങ്കിലും തയാറാവുക’ തൃഷ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. മറ്റാരോ ധരിച്ചു നോക്കിയ ശേഷമോ അല്ലെങ്കിൽ റിട്ടേൺ ചെയ്ത ശേഷമോ കൃത്യമായ പരിശോധനകൾ നടത്താതെ വീണ്ടും പാക്ക് ചെയ്ത് അയച്ചതുകൊണ്ടാകാം വസ്ത്രങ്ങളിൽ നിന്ന് ദുർഗന്ധം വമിച്ചതെന്നാണ് വിലയിരുത്തൽ. വൻകിട ബ്രാൻഡുകളുടെ ഷോറൂമുകളിൽ ആളുകൾ ട്രയൽ നോക്കുന്ന വസ്ത്രങ്ങൾ പലപ്പോഴും പിന്നീട് ഓൺലൈൻ ഓർഡറുകൾക്കായി പാക്ക് ചെയ്ത് അയക്കാറുണ്ട്. നടി തൃഷ ഉന്നയിച്ച ഈ പരാതി ഫാഷൻ ലോകത്തും സോഷ്യൽ മീഡിയയിലും വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ഓൺലൈൻ വഴി വസ്ത്രങ്ങൾ ഡെലിവറി ചെയ്യുമ്പോൾ വസ്ത്ര ബ്രാൻഡുകൾ വരുത്തുന്ന ഗുരുതരമായ വീഴ്ചകളിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.

















































