ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എട്ടുപേരില്‍ അഞ്ചാളുകള്‍ പണം എണ്ണുന്നതിനിടയില്‍ വസ്ത്രത്തിലും സോക്‌സിലും ഒളിപ്പിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍. ഇതോടെ ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് ജീവനക്കാര്‍ക്ക് കീശകളില്ലാത്ത പ്രത്യേക യൂണിഫോം നിര്‍ബന്ധമാക്കി. കാണിക്കപ്പണം എണ്ണുന്ന കേന്ദ്രത്തില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. 45 ദിവസത്തെ സിസിടിവി ദൃശ്യങ്ങളാണ് പരിശോധിച്ചത്.
രാമക്ഷേത്രത്തിന് 200 മീറ്റര്‍ അകലെയുള്ള സംഭാവന എണ്ണല്‍ കേന്ദ്രത്തിലെ സിസിടിവി ദൃശ്യങ്ങളിലാണ് പണം മാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. ആരും ശ്രദ്ധിക്കാത്ത സമയത്ത് ചിലര്‍ നോട്ടുകെട്ടുകള്‍ വസ്ത്രത്തില്‍ ഒളിപ്പിക്കുന്ന ദൃശ്യങ്ങളാണ് സിസിടിവിയിലുള്ളത്. ഇവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ നടത്തിയ പരിശോധനകളില്‍ പൊലീസ് പണം പിടിച്ചെടുത്തിരുന്നു.
180 ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കണമെന്നാണ് ചട്ടം. എന്നാല്‍ 45 ദിവസത്തെ സിസിടിവി മാത്രമാണ് ഉണ്ടായിരുന്നത്. എത്രകാലമായി മോഷണം നടക്കുന്നു എന്നത് കണ്ടെത്താനായില്ല. ട്രസ്റ്റിന്റെ അഞ്ചുവര്‍ഷത്തെ അക്കൗണ്ടുകള്‍ പ്രത്യേക അന്വേഷണ സംഘം വീണ്ടും ഓഡിറ്റ് ചെയ്യും.
















































