നടനും സംവിധായകനുമായ കെ. ഭാഗ്യരാജിന്റെ വിയോഗത്തിന് പിന്നാലെ, മകളുടെ വിവാഹചിത്രങ്ങൾ പങ്കുവെച്ചതിന് തനിക്കെതിരെ ഉയർന്ന സൈബർ ആക്രമണങ്ങൾക്ക് ശക്തമായ മറുപടി നൽകി നടി ഖുശ്ബു സുന്ദർ. തന്റെ മൂത്തമകൾ അവന്തിക സുന്ദറിന്റെ വിവാഹം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് ഭാഗ്യരാജ് അന്തരിച്ചതെന്നും, ജീവിതത്തിലെ വലിയൊരു സന്തോഷം ആഘോഷിക്കാൻ തനിക്ക് പൂർണ്ണ അവകാശമുണ്ടെന്നും വിമർശകർക്ക് ഖുശ്ബു മറുപടി നൽകി.
വിവാഹത്തിന് ശേഷം ഖുശ്ബു ഭർത്താവിനൊപ്പമുള്ള ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. നിരവധിപ്പേർ ആശംസകളറിയിച്ചെങ്കിലും, ഭാഗ്യരാജിന്റെ മരണത്തിന് തൊട്ടുപിന്നാലെ ഇത്തരം ചിത്രങ്ങൾ പങ്കുവെച്ചതിനെ ചോദ്യം ചെയ്ത് ഒരു വിഭാഗം ആളുകൾ വിമർശനവുമായി രംഗത്തെത്തി. തന്റെ സന്തോഷത്തെ ചോദ്യം ചെയ്തവരോട് കടുത്ത ഭാഷയിലാണ് ഖുശ്ബു പ്രതികരിച്ചത്. ഒരു ഇൻസ്റ്റാഗ്രാം കമന്റിന് മറുപടിയായാണ് താരം തന്‍റെ നിലപാട് വ്യക്തമാക്കിയത്.
‘എന്നെ വിമർശിക്കാൻ വേണ്ടി മാത്രമാണോ നിങ്ങൾ എന്നെ ഫോളോ ചെയ്യുന്നത്? എന്റെ മകളുടെ വിവാഹം കഴിഞ്ഞ് 48 മണിക്കൂർ പോലും തികഞ്ഞിട്ടില്ല. ഭാഗ്യരാജ് സാറിന്റെ ഭാര്യ പൂർണ്ണിമയെ നിങ്ങളെക്കാൾ നന്നായി അറിയാവുന്നത് എനിക്കാണ്. എന്റെ ചിത്രങ്ങൾ കാണുന്നത് നിങ്ങൾക്ക് ബുദ്ധിമുട്ടാണെങ്കിൽ ദയവായി എന്നെ ഫോളോ ചെയ്യുന്നത് നിർത്തുക. നിങ്ങളെപ്പോലെയുള്ള ആളുകൾ ഇല്ലെങ്കിലും എനിക്ക് കുഴപ്പമില്ല. സന്തോഷമായിരിക്കാൻ എനിക്ക് എല്ലാ അവകാശവുമുണ്ടെന്ന് ഖുശ്ബു പറഞ്ഞു.


















































