തൃശ്ശൂർ: തെരുവ് നായ ശല്യം കാരണം സ്‌കൂളിന് അവധി പ്രഖ്യാപിച്ചു. നായകളെ കൊണ്ട് പൊറുതിമുട്ടിയതോടെ തൃശ്ശൂർ ചൂണ്ടൽ ഗവൺമെന്റ് യു പി സ്‌കൂളിന് ഇന്ന് അവധി പ്രഖ്യാപിക്കുകയായിരുന്നു. മാത്രമല്ല സ്‌കൂളിനോട് ചേർന്നുള്ള മിനി ഓഡിറ്റോറിയത്തിലെ മുറിയിൽ തെരുവുനായ പ്രസവിച്ചിരിക്കുകയാണ്. നാല് കുഞ്ഞുങ്ങളുമുണ്ട്. ഇതിനടുത്തേക്ക് അബദ്ധത്തിലെങ്കിലും കുട്ടികൾ പോയാൽ അവരെ കടിക്കാനും സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസം സ്‌കൂളിലേക്ക് വരികയായിരുന്ന വിദ്യാർത്ഥിയെ നായ കടിച്ചിരുന്നു. പിന്നീട് നായയെ ചത്ത നിലയിൽ കണ്ടെത്തുകയും തുടർന്ന് നടത്തിയ പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. നിലവിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സ്‌കൂളിലേക്ക് ഭയം കാരണം സ്കൂളിലേക്കു വരാൻ കഴിയാത്ത സ്ഥിതിയാണ്. പിന്നാലെയാണ് അവധി നൽകിയത്. തെരുവുനായ്ക്കളെകൊണ്ട് പൊറുതി മുട്ടിയതോടെ സ്‌കൂൾ അധികൃതരും പ്രദേശവാസികളും നൽകിയ പരാതിയിൽ പ്രസിഡന്റ് സ്ഥലത്തെത്തിയിരുന്നു. നായയെ പിടിച്ച് മറ്റൊരിടത്ത് മാറ്റാനുള്ള ആലോചനയിലാണ് പഞ്ചായത്ത്.

















































