ബെൽഫാസ്റ്റ്: അയർലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഏറെ ആകാംഷയോടെ കാത്തിരുന്ന ആരാധകർക്കു നിരാശ സമ്മാനിച്ച് ക്യാപ്റ്റൻ ശ്രേയസ്സ് അയ്യരുടെ വാക്കുകൾ. വൈഭവ് സൂര്യവംശി അയർലൻഡിനെതിരായ ആദ്യമത്സരത്തിൽ കളിക്കില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റന്റെ വെളിപ്പെടുത്തൽ. ടീമിൽ ഇടംപിടിച്ച പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശി പ്ലേയിങ് ഇലവനില്ല. നിർഭാഗ്യവശാൽ വൈഭവ് കളിക്കുന്നില്ല എന്നും സമയം വരുമ്പോൾ അവന് അവസരം ലഭിക്കുമെന്നും ശ്രേയസ്സ് അയ്യർ പറഞ്ഞു.
അതേസമയം ടോസ് നേടിയ ഇന്ത്യ ആദ്യം ഫീൽഡ് ചെയ്യും. ട്വന്റി20 ടീമിന്റെ സ്ഥിരം നായകനായി അരങ്ങേറുന്ന ക്യാപ്റ്റൻ ശ്രേയസ് അയ്യർ ടോസ് നേടി അയർലൻഡിനെ ബാറ്റിങ്ങിന് വിടുകയായിരുന്നു. അഭിഷേക് ശർമ– സഞ്ജു സാംസൺ സഖ്യം തന്നെ ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്യും. ഇഷാൻ കിഷൻ മൂന്നാമതും ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ നാലാം സ്ഥാനത്തും ഇറങ്ങും.
പേസർമാരായ അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ഹർഷിത് റാണ എന്നിവർ ടീമിലം പിടിച്ചപ്പോൾ സ്പിന്നർമാരായ അക്ഷർ പട്ടേൽ, വാഷിങ്ടൻ സുന്ദർ എന്നിവരും ഓൾറൗണ്ടറായി ശിവം ദുബെയും പ്ലേയിങ് ഇലവനിലുണ്ട്. പ്രിൻസ് യാദവിനും അരങ്ങേറ്റത്തിന് അവസരമില്ല.
മറുവശത്ത് പുതിയ ക്യാപ്റ്റൻ ലോർകൻ ടക്കറിന്റെ നേതൃത്വത്തിലാണ് അയർലൻഡ് ഇങ്ങുന്നത്. ഇന്ത്യൻ വംശജനായ ഇടംകൈ പേസർ ജയ് മൂംദ്ര ഇന്ന് അയർലൻഡ് ടീമിൽ അരങ്ങേറ്റം കുറിക്കുന്നുണ്ട്.


















































