തിരുവനന്തപുരം: പോത്തൻകോട് ലഹരി വാങ്ങാൻ പണം നൽകാത്തതിന്റെ വൈരാഗ്യത്തിൽ മകൻ അമ്മയെ ക്രൂരമായി മർദിക്കുകയും കുത്തി പരുക്കേൽപ്പിക്കുകയും ചെയ്തു. വാവയമ്പലം ഗാന്ധിനഗർ കൈലാസത്തിൽ സന്ധ്യ(47)യ്ക്കാണ് പരുക്കേറ്റത്. സംഭവത്തിൽ മകൻ സജീവിനെ (28) പോലീസ് കസ്റ്റഡിയിലെടുത്തു. നിരവധി കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. പണം നൽകാത്തതിൻ്റെ ദേഷ്യത്തിന് വീട്ടിലെ സാധനങ്ങൾ മുഴുവൻ ഇയാൾ അടിച്ചു തകർത്തു. പിന്നാലെ മാതാവിനെ ക്രൂരമായി മർദിക്കുകയും മുതുകിൽ കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു.
പരുക്കേറ്റ സന്ധ്യയെ നാട്ടുകാർ ചേർന്ന് കന്യാകുളങ്ങര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സന്ധ്യയുടെ പരാതിയിൽ പോലീസ് കേസെടുത്തു.