നേമം: കുടുംബവുമായി പിണങ്ങി കഴിയുന്ന പിതാവിനെ മൂന്നുമക്കൾ ചേർന്ന് വെട്ടിപ്പരുക്കേൽപിച്ചു. നരുവാമൂട് പോലീസ് സ്റ്റേഷൻ പരിധിയിൽ വള്ളംകെട്ടുവിള ഭാഗത്ത് ‘മുരുകൻ സ്‌ക്രാപ്പ് ഷോപ്പ് ‘ നടത്തുന്ന മുരുകനെ (55)നെയാണ് മൂന്നു മക്കളും ചേർന്ന് ആക്രമിച്ചത്. തമിഴ്‌നാട് തിരുനെൽവേലി സ്വദേശിയാണ് ഇദ്ദേഹം.
മുരുകന്റെ മക്കളും നെടുമങ്ങാട്, കരകുളം ഭാഗത്ത് താമസിക്കുന്നവരുമായ സെൽവി, ശിവ, ഹരികൃഷ്ണൻ എന്നിവർ ചേർന്നാണ് വെട്ടിയത്. കടയിൽ ഉറങ്ങുകയായിരുന്ന മുരുകനെ വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ആക്രമിച്ചത്. വെട്ടിപ്പരുക്കേൽപ്പിച്ചശേഷം ഇവർ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മുരുകനെ ഉടനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറച്ചു ദിവസം മുമ്പ് പണം ആവശ്യപ്പെട്ട് മക്കൾ കടയിലെത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവ ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.















































