കേരളത്തിലെ സ്വർണവ്യാപാര മേഖലയുടെ ഭാവി വളർച്ചയ്ക്കും മാറുന്ന വിപണിസാഹചര്യങ്ങളെ നേരിടാനുള്ള പ്രായോഗിക പ്രവർത്തനപദ്ധതികൾ രൂപപ്പെടുത്തുന്നതിനുമായി കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (KGSMA) സംഘടിപ്പിക്കുന്ന വിഷൻ 2030 – ആക്ഷൻ സമ്മിറ്റ് നവംബർ 15, 16 തീയതികളിൽ കോഴിക്കോട് റാവിസ് കടവ് റിസോർട്ടിൽ നടക്കും.
ലക്ഷ്യത്തിലേക്ക് ഒരു പുതിയ ചുവടുവെപ്പ് എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന ദ്വിദിന ക്യാമ്പിന്റെ ഉദ്ഘാടനം കമ്പനി സെക്രട്ടറി കൂടിയായ പി.എം.എ. സമീർ എം.എൽ.എ നിർവഹിക്കും. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അധ്യക്ഷത വഹിക്കും.
മാറുന്ന ഉപഭോക്തൃ താൽപ്പര്യങ്ങൾ, ആധുനിക വിപണന തന്ത്രങ്ങൾ, ഡിജിറ്റൽ ജ്വല്ലറി ബിസിനസ്, നിർമിതബുദ്ധിയുടെ (AI) സാധ്യതകൾ, ഡിജിറ്റൽ അക്കൗണ്ടിങ്, സ്റ്റോക്ക് മാനേജ്‌മെന്റ്, വ്യക്തിത്വ വികസനം, നേതൃത്വമികവ് തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധരുടെ ക്ലാസുകളും പ്രായോഗിക പരിശീലനങ്ങളും സമ്മിറ്റിന്റെ ഭാഗമായി നടക്കും.
നവംബർ 15ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് ഫാക്കൽറ്റി പ്രൊഫ. ദീപക് എസ്. കുമാർ മാർക്കറ്റിങ് തന്ത്രങ്ങളെക്കുറിച്ച് ക്ലാസ് നയിക്കും. ജെം ആൻഡ് ജ്വല്ലറി എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിലിന്റെ (GJEPC) നേതൃത്വത്തിൽ 2027 ജനുവരി 6 മുതൽ 11 വരെ മുംബൈയിൽ നടക്കുന്ന IIJS Signature പ്രദർശനത്തിന്റെ റോഡ് ഷോയും സംഘടിപ്പിക്കും.
തുടർന്ന് വിവിധ സബ്‌കമ്മിറ്റികളുടെ നേതൃത്വത്തിൽ വിഷൻ 2030 പ്രവർത്തനപദ്ധതികൾക്ക് രൂപം നൽകും.
നവംബർ 16ന് ഡോ. റഫീഖ് ഏന്തൻ വ്യക്തിത്വ വികസനത്തിലും നേതൃത്വമികവിലും മോട്ടിവേഷൻ ക്ലാസ് നയിക്കും.
തുടർന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് ശ്രീലാൽ കെ. സ്വർണവ്യാപാര മേഖലയിലെ പ്രായോഗിക കണക്കെഴുത്ത് രീതികളെക്കുറിച്ച് പരിശീലനം നൽകും.
സംഘടനയുടെ ഭാവി ലക്ഷ്യങ്ങളെ വ്യക്തമായ പ്രവർത്തനപദ്ധതികളാക്കി മാറ്റുക, വ്യാപാര മേഖലയിലെ വെല്ലുവിളികൾക്ക് കൂട്ടായ പരിഹാരങ്ങൾ കണ്ടെത്തുക, അംഗങ്ങളുടെ അറിവും പ്രവർത്തനശേഷിയും വർധിപ്പിക്കുക എന്നിവയാണ് ആക്ഷൻ സമ്മിറ്റിന്റെ പ്രധാന ലക്ഷ്യങ്ങൾ. കേരളത്തിലെ സ്വർണവ്യാപാരത്തിന് പുതിയ ദിശയും സംഘടനാ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തും നൽകുന്ന നിർണായക സംഗമമായിരിക്കും ഇതെന്ന് പ്രതീക്ഷിക്കുന്നതായി KGSMA സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ അറിയിച്ചു.