കൊല്ലം: രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ബിജെപി നേതാവ് ആർ. ശ്രീലേഖയ്ക്ക് കോടതി നോട്ടീസ്. കേസിൽ നേരിട്ട് ഹാജരാകാനാണ് മാവേലിക്കര കോടതി നിർദേശിച്ചിരിക്കുന്നത്. കെപിസിസി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ നൽകിയ പരാതിയിലാണ് നടപടി. ശ്രീലേഖയ്ക്കെതിരെ ശ്രീകുമാർ ക്രിമിനൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു.
ഒക്ടോബർ 14ന് പുനലൂരിൽ നടന്ന ബിജെപി പ്രതിഷേധ ജനസഭയിലായിരുന്നു വിവാദ പരാമർശം. മയക്കുമരുന്ന് അമിതമായി ഉള്ളിൽച്ചെല്ലുമ്പോഴുണ്ടാകുന്ന വെപ്രാളവും താണ്ഡവവുമാണ് രാഹുൽ ഗാന്ധി ഡൽഹിയിൽ കാണിക്കുന്നതെന്നായിരുന്നു ശ്രീലേഖയുടെ പരാമർശം.
യൂത്ത് കോൺഗ്രസ് ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പുനലൂർ പൊലീസും ശ്രീലേഖയ്ക്കെതിരെ കേസെടുത്തിരുന്നു. കലാപാഹ്വാനം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയത്. ഭാരതീയ ന്യായ സംഹിതയിലെ 192-ാം വകുപ്പ് പ്രകാരമാണ് നടപടി. ഒരു വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണിത്. ജാമ്യം ലഭിക്കാവുന്നതുമാണ്.
അതേസമയം, സർക്കാരിനെതിരെ ഇരട്ടനീതിയെന്ന ആരോപണവുമായി ശ്രീലേഖ രംഗത്തെത്തി. പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ മാനനഷ്ടക്കേസും രാഹുൽ ഗാന്ധിയെക്കുറിച്ച് പറഞ്ഞാൽ കലാപാഹ്വാനക്കേസുമാണെന്നാണ് ശ്രീലേഖയുടെ പ്രതികരണം. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വിമർശനം.