ഡൽഹി: ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ബിജെപി കൗൺസിലർക്കുനേരെ തെരുവുപശുവിന്റെ ആക്രമണം. ശശി ചന്ദ്‌നയ്ക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.
ഈസ്റ്റ് ഡൽഹിയിലെ മണ്ഡാവലി വാർഡിൽ ബുധനാഴ്ച രാവിലെ പത്തോടെയാണ് സംഭവം. ക്ഷേത്രത്തിൽ പ്രാർഥന കഴിഞ്ഞ് റോഡിലൂടെ നടന്നു മടങ്ങുകയായിരുന്ന ശശി ചന്ദ്‌നയ്ക്ക് നേരെ മുന്നിൽ നിന്നെത്തിയ പശു പാഞ്ഞടുക്കുകയായിരുന്നു.
ആക്രമണത്തിനിടെ പശു കൊമ്പിൽ കോർത്തുയർത്തി റോഡിലേക്ക് എറിഞ്ഞതായാണ് റിപ്പോർട്ട്. വീഴ്ചയിൽ തലയ്ക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങൾക്കും ഗുരുതരമായി പരിക്കേറ്റ ശശി ചന്ദ്‌നയെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കിഴക്കൻ ഡൽഹിയിലെ നിർമാൺ വിഹാറിലുള്ള ആശുപത്രിയിൽ ചികിത്സയിലാണ്.
ആശുപത്രിയിൽ നിന്ന് പ്രതികരിച്ച ശശി ചന്ദ്‌ന, തന്റെ വാർഡിൽ തെരുവ് മൃഗങ്ങളുടെ ശല്യം രൂക്ഷമാണെന്നും ഇതുസംബന്ധിച്ച് പലതവണ മുനിസിപ്പൽ കോർപ്പറേഷന് പരാതി നൽകിയിട്ടും ഫലപ്രദമായ നടപടിയുണ്ടായില്ലെന്നും ആരോപിച്ചു.
















































