കൊച്ചി: ‘അമ്മ’ ജനറൽ ബോഡി യോഗത്തിൽ വൻ തർക്കം. പ്രസിഡന്റ് ശ്വേത മേനോൻ രാജി സന്നദ്ധത അറിയിച്ചു. സംഘടനയിലെ മുതിർന്ന അംഗങ്ങളടക്കം ശ്വേതയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഭരണസമിതി പിരിച്ചുവിടണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. അംഗങ്ങൾ തമ്മിൽ വൻ തർക്കമുണ്ടായി. സംഘടനയുടെ പേര് ജനങ്ങൾക്ക് മുൻപിൽ ചീഞ്ഞളിഞ്ഞെന്നും പേര് ചീത്തയാക്കിയത് സംഘടനയ്ക്ക് ഉള്ളിലുള്ളവരാണെന്നും ആരോപണമുയർന്നു.
ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിലെ വരവ് ചെലവ് കണക്കുകളിൽ വ്യക്തതയില്ലെന്ന് ആരോപിച്ച് സിദ്ദിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവരടങ്ങുന്ന പ്രമുഖർ റിപ്പോർട്ട് പാസാക്കാൻ സമ്മതിക്കാതെ രംഗത്തെത്തി. കണക്കുകളിൽ പിഴവുകളുള്ള റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്ന് രൺജി പണിക്കരും വ്യക്തമാക്കി. തുടർന്ന് വിഷയം പഠിക്കാൻ 45 ദിവസത്തെ സമയം വേണമെന്ന് പ്രസിഡന്‍റ് ശ്വേത മേനോൻ ആവശ്യപ്പെടുകയും ചെയ്തു.
അംഗങ്ങൾ തമ്മിൽ പരസ്പരം തർക്കം രൂക്ഷമായതോടെ, ഈ വിഷയത്തിൽ സംഘടനയുടെ മുൻ പ്രസിഡന്റ് മോഹൻലാൽ കൃത്യമായ നിലപാട് വ്യക്തമാക്കണമെന്ന് കെ ബി ഗണേഷ് കുമാർ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് യോഗത്തിൽ അതീവ വൈകാരികമായാണ് മോഹൻലാൽ സംസാരിച്ചത്. വ്യക്തിപരമായ ഭിന്നതകൾ എന്തുതന്നെ ഉണ്ടായാലും ഈ സംഘടനയെ ഒരു തരത്തിലും തകർക്കാൻ ആർക്കും കഴിയില്ലെന്ന് അദ്ദേഹം യോഗത്തിൽ ഉറപ്പിച്ചു പറഞ്ഞു.














































