കൊല്ലം: പരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞതിന്റെ പേരിൽ തട്ടുകട അടിച്ചുതകർക്കുകയും ഉടമയെയും ജീവനക്കാരനെയും മർദിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത യുവാക്കൾക്കായുള്ള അന്വേഷണം തുടരുന്നു. സമീപത്തെ കടകളിൽ സിസിടിവികളുണ്ടെങ്കിലും നിലവിൽ ഇത് പരിശോധിക്കാനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. കുണ്ടറയ്ക്കടുത്ത് പെരുമ്പുഴയിൽ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ‘ടീ മേറ്റ്’ എന്ന കടയിൽ ചായ കുടിക്കാനെത്തിയ രണ്ടുപേരാണ് അക്രമമുണ്ടാക്കിയത്.
കടയുടമ നാസിമിന് കുത്തേറ്റു. ജീവനക്കാരൻ മോഹനന് വാരിയെല്ലിന് പരുക്കു പറ്റി. ഇന്നലെ വൈകിട്ട് തട്ടുകടയിലെത്തിയ കൊള്ളി നിയാസ്, സുഹൃത്ത് ജാക്സൺ എന്നിവർ ചായയും പരിപ്പുവടയും കഴിച്ചു. തുടർന്ന് പരിപ്പുവടയ്ക്ക് ഉപ്പ് കുറവാണെന്നു പറഞ്ഞ് തട്ടിക്കയറി. പിന്നാലെ കടയിൽ ജോലി ചെയ്തിരുന്ന മോഹനനെ മർദിച്ചു. കടയിലുണ്ടായിരുന്ന തിളച്ച എണ്ണ മോഹനന്റെ മേൽ ഒഴിച്ചു. തടയാൻ ചെന്ന നാട്ടുകാർ ഉൾപ്പെടെയുള്ളവരെ അക്രമികൾ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി.
മോഹനനെ മർദിക്കുന്നത് കണ്ട് ഓടിയെത്തിയ കടയുടമ നാസിമിനെ നിയാസ് കത്തി കൊണ്ട് കുത്തി. തുടർന്ന് കടയിലുണ്ടായിരുന്ന സാധനങ്ങൾ അടിച്ചുതകർത്തു. മോഹനനെയും നാസിമിനെയും നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. മോഹനന് വാരിയെല്ലിന് സാരമായ പരുക്കുണ്ട്. തിളച്ച എണ്ണ വീണ് ശരീരത്താകെ പൊള്ളലേറ്റിട്ടുമുണ്ട്. നാസിമിന്റെ പരാതിയിൽ കൊട്ടിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് നിയാസും ജാക്സണും എന്നാണ് വിവരം. ഇവരെ കണ്ടെത്താനുള്ള തിരച്ചിൽ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.