തിരുവനന്തപുരം: നഗരത്തിൽ സ്ത്രീയെ കാറിനുള്ളിൽ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കരിമഠം സ്വദേശിയായ ബിജുവിനെയാണ് കരമന പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
കരിമഠം സ്വദേശിനിയായ സ്ത്രീയെ കിള്ളിപ്പാലത്ത് നിന്ന് ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയ ശേഷം പാപ്പനംകോട് പാറയിൽക്കടവ് റോഡിലെത്തിച്ച് കത്തികൊണ്ട് ആക്രമിച്ചതായാണ് പൊലീസ് പറയുന്നത്.
ആക്രമണത്തിൽ പരിക്കേറ്റ യുവതി കാറിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ റോഡിലേക്ക് വീഴുകയായിരുന്നു. തുടർന്ന് പ്രതി സംഭവസ്ഥലത്ത് നിന്ന് കാറിൽ രക്ഷപ്പെട്ടെങ്കിലും കരുമം ഭാഗത്ത് വച്ച് നാട്ടുകാർ വാഹനം തടഞ്ഞ് ഇയാളെ പൊലീസിന് കൈമാറി.
പരിക്കേറ്റ സ്ത്രീയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർ തമ്മിൽ മുൻപരിചയമുണ്ടായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു.















































