പെരുമ്പാവൂർ: മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന എട്ടുവയസുകാരി പെൺകുട്ടിയെ എടുത്തുകൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസിലെ ഒന്നാംപ്രതിക്ക് നാല് ജീവപര്യന്തവും 35 കൊല്ലം തടവും 21.81 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം ചെങ്കൽ സ്വദേശി ക്രിസ്റ്റൽ രാജി (36) നാണ് പെരുമ്പാവൂർ അതിവേഗ പോക്‌സോ കോടതി ജഡ്ജി വി. സന്ദീപ് കൃഷ്ണ ശിക്ഷ വിധിച്ചത്. 2023 സെപ്റ്റംബർ ഏഴിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ആലുവ എടയപ്പുറത്തുള്ള വാടകവീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ എടുത്തുകൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പോക്‌സോ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ക്രിസ്റ്റൽ രാജിനെതിരേ ‘കാപ്പ’യും ചുമത്തിയിട്ടുണ്ട്.
പ്രതിക്ക് നാലു വകുപ്പുകളിലായാണ് നാല് ജീവപര്യന്തങ്ങൾ. 12 വയസിൽ താഴെയുള്ള കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് പോക്‌സോ കേസുകൾ പ്രകാരവും ഐപിസിയിലെ രണ്ട് വകുപ്പുകൾ പ്രകാരവുമാണ് നാല് ജീവപര്യന്തം ശിക്ഷ. കൂടാതെ കുട്ടിയുടെ അമ്മയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചതിന് ഏഴ് കൊല്ലം, വീട്ടിൽ അതിക്രമിച്ച് കയറി കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് 10 കൊല്ലം, ബലാത്സംഗം ചെയ്ത കേസിൽ 10 കൊല്ലം, കുട്ടിയെ മർദിച്ചതിന് ഒരു കൊല്ലം, രഹസ്യഭാഗങ്ങളിൽ മുറിവേൽപ്പിച്ചതിന് ഏഴുകൊല്ലം എന്നിങ്ങനെയാണ് 35 കൊല്ലത്തെ അധിക ശിക്ഷ.
നാല് ജീവപര്യന്ത കേസുകളിൽ അഞ്ച് ലക്ഷം രൂപ വീതവും വിവിധ വകുപ്പുകളിൽ മൂന്ന് 50,000, 30,000, 1000 എന്നിങ്ങനെ 21.81 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ടാം പ്രതിയെ തെളിവുകളുടെ അഭാവത്തിൽ വെറുതേ വിട്ടു. അതേസമയം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ നാട്ടുകാരുടെ അവസരോചിതമായ ഇടപെടൽ നിർണായകമായതായി വിധിയിൽ പ്രത്യേകം പരാമർശിച്ചു. കുട്ടിയുടെ ജീവൻ അപകടത്തിലാകാതിരുന്നത് നാട്ടുകാരുടെ ഇടപെടലാണെന്ന് ജഡ്ജി എടുത്തുപറഞ്ഞു.
കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസി സംശയം തോന്നി ഉടൻ ആളുകളെ വിളിച്ചുണർത്തി തിരച്ചിൽ നടത്തുകയായിരുന്നു. പ്രതി കുട്ടിയെ എടുത്തുകൊണ്ടുപോയ പാടത്തേക്ക് തുടർച്ചയായി നാട്ടുകാരുടെ ടോർച്ച് തെളിച്ചുള്ള അന്വേഷണമെത്തിയതോടെ കുട്ടിയെ സമീപമുള്ള കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
പിറ്റേന്ന് വൈകിട്ട് ആലുവ പാലത്തിന് സമീപത്തുനിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. തിരിച്ചറിയാനായി പോലീസ് പ്രതിയെ പെൺകുട്ടിക്ക് വീഡിയോ കോളിൽ കാണിച്ചു കൊടുത്തെങ്കിലും ആദ്യം തിരിച്ചറിയാൻ കഴിഞ്ഞില്ല. എന്നാൽ പിന്നീട് പെരുമ്പാവൂർ പോക്‌സോ കോടതിയിൽ പ്രതിയെ നേരിട്ട് കാണിച്ചപ്പോൾ പെൺകുട്ടി പേടിച്ച് വാവിട്ടു നിലവിളിക്കുകയായിരുന്നു.

















































