ഉദയ്പുർ: വിദേശ വനിതാ യൂട്യൂബറെ പിന്നാലെ നടന്ന് ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ. തായ്-ഫ്രഞ്ച് യൂട്യൂബറായ ജസ്റ്റ്‌കെത്തിനെയാണ് രാജസ്ഥാനിലെ ഉദയ്പുരിൽ 23-കാരനായ അഫ്താബ് എന്ന ഗബ്രു ശല്യം ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയാണ് പോലീസ് നടപടി. നഗരത്തിലെ ടൗൺഹാൾ ഗാർഡനിലെത്തുന്ന വിനോദസഞ്ചാരികളെയും സന്ദർശകരെയും അശ്ലീല പാട്ടുകൾ പാടി ഇയാൾ പതിവായി ശല്യം ചെയ്യാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വിദേശ വനിതാ വിനോദസഞ്ചാരിയുമായി ബന്ധപ്പെട്ട സംഭവമായതിനാലും സ്ത്രീകളുടെ സുരക്ഷ കണക്കിലെടുത്തും കേസ് അതീവ ഗൗരവത്തോടെയാണ് പരിഗണിച്ചതെന്ന് ഉദയ്പുർ പോലീസ് സൂപ്രണ്ട് അമൃത ദുഹാൻ പറഞ്ഞു. പോലീസ് സ്വമേധയാ കേസെടുത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കണ്ടെത്തുന്നതിനായി സംഭവസ്ഥലത്തും പരിസരത്തുമായി സ്ഥാപിച്ചിരുന്ന 150-ഓളം സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചു. ഉദയ്പുർ സ്വദേശിയാണ് അഫ്താബ്.
നവംബർ 16-നാണ് സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് തുടക്കമായത്. ടൗൺഹാൾ ഗാർഡനിലെത്തുന്ന വിനോദസഞ്ചാരികളെയും സന്ദർശകരെയും ഒരാൾ അശ്ലീല പാട്ടുകൾ പാടി ശല്യം ചെയ്യുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിലെ കോൺസ്റ്റബിൾ ഹിതേന്ദ്ര സിങ്ങിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് തായ്-ഫ്രഞ്ച് യൂട്യൂബറായ ജസ്റ്റ്‌കെത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ ശ്രദ്ധ നേടിയത്. ദൃശ്യങ്ങളിലുള്ള യുവാവ് തന്നെയാണ് വിനോദസഞ്ചാരികളെ ശല്യം ചെയ്തിരുന്നതെന്ന് പോലീസ് തിരിച്ചറിഞ്ഞു.
ജസ്റ്റ്‌കെത്ത് രാത്രി നടത്തിയ ലൈവ് സ്ട്രീമിങ്ങിനിടെയായിരുന്നു യുവാവിന്റെ അതിക്രമം. തിരക്കേറിയ പൊതുസ്ഥലത്തുവെച്ച് ഇയാൾ യുവതിയോട് ചുംബനം ആവശ്യപ്പെടുകയായിരുന്നു. ‘ഒരു ചുംബനം തരൂ, ചുണ്ടിൽ ഒരു ചുംബനം തരൂ’ എന്ന് ഇയാൾ ആവർത്തിച്ച് ആവശ്യപ്പെടുന്നത് വീഡിയോയിലുണ്ട്. പലതവണ വിസമ്മതിച്ചിട്ടും യുവാവ് ആവശ്യം തുടർന്നു. പിന്നീട് ഫോട്ടോ എടുക്കാമോയെന്ന് ചോദിച്ചപ്പോൾ യുവതി സമ്മതിച്ചു. മടങ്ങിപ്പോകുന്നതിനിടെ ഹസ്തദാനത്തിനായി യുവാവ് കൈ നീട്ടിയപ്പോൾ യുവതി കൈമുട്ടിക്കാതെ മുഷ്ടി ചേർത്തുള്ള ‘ഫിസ്റ്റ് ബംപ്’ നൽകി.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അതിവേഗം പ്രചരിച്ചു. ജസ്റ്റ്‌കെത്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇതിനകം 60 ലക്ഷത്തിലേറെ പേർ കണ്ടു. സ്ത്രീകളുടെ സുരക്ഷ, വ്യക്തികളുടെ സമ്മതം, വ്യക്തിപരമായ അതിരുകൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്കും സംഭവം വഴിവെച്ചു. ‘കുറഞ്ഞപക്ഷം അയാൾ ചോദിക്കുകയെങ്കിലും ചെയ്തു’ എന്ന കുറിപ്പോടെയാണ് ജസ്റ്റ്‌കെത്ത് വീഡിയോ പങ്കുവെച്ചത്.
View this post on Instagram