പറവൂർ: വി ഡി സതീശൻ ഒരു അത്ഭുതമാണെന്ന് കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. പറവൂരിൽ മുഖ്യമന്ത്രി വി ഡി സതീശന് പൗരാവലി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഇത്രയധികം ജനപ്രീതി നേടിയ മറ്റൊരാളില്ലെന്ന് ചൂണ്ടിക്കാണിച്ച വി ഡി സതീശൻ അദ്ദേഹത്തിൻ്റെ സ്വഭാവമാണ് അതിന് കാരണമെന്നും പറഞ്ഞു.
ജനങ്ങളുടെ വോട്ട് നേടിയ ശേഷം ഞാൻ രാജാവും വോട്ട് ചെയ്തവർ പ്രജകളുമാണ് എന്ന് കരുതിയാൽ ദുഃഖിക്കേണ്ടി വരും. വി ഡി സതീശൻ അങ്ങനെയുള്ള ഒരാളല്ല എന്നത് കൊണ്ടാണ് താൻ ഈ പരിപാടിക്ക് വന്നതെന്നും ശ്രീകുമാരൻ തമ്പി വ്യക്തമാക്കി. ഒരു മുഖ്യമന്ത്രിയും ഒരു മന്ത്രിമാരും രാജാക്കന്മാരല്ലെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.
അതേസമയം എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെയും ശ്രീകുമാരൻ തമ്പി രൂക്ഷവിമർശനം ഉന്നയിച്ചു. എൻഎസ്എസ് ആസ്ഥാനത്ത് ഇരിക്കുന്ന ആൾ പെരുമാറുന്നത് രാജാവിനെ പോലെ എന്നായിരുന്നു വിമർശനം. വി ഡി സതീശൻ്റെ സാന്നിധ്യത്തിലായിരുന്ന ശ്രീകുമാരൻ തമ്പിയുടെ വിമർശനം.
















































