കോട്ടയം:എസ്എൻഡിപി യോഗം മീനച്ചിൽ യൂണിയൻ നേതൃത്വത്തിൽ പാലായിൽ നടത്തിയ പ്രതിഷേധ പരിപാടിയിൽ കടുത്ത വിവാദ പരാമർശങ്ങളുമായി യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ. മുസ്ലിം ലീഗിനെതിരെയാണ് രൂക്ഷമായ ഭാഷയിൽ പരാമർശിച്ചത്. വെള്ളാപ്പള്ളി നടേശനെ തൊട്ടാൽ മുസ്ലിംലീഗുകാരന്റെ കൈവെട്ടുമെന്ന് യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ പ്രസംഗിച്ചു. അദ്ദേഹത്തെ വെല്ലുവിളിച്ചാൽ ലീഗ് നേതാക്കളെ തടയുമെന്നും സുരേഷ് ഇട്ടിക്കുന്നേൽ പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കടുത്തുരുത്തിയിൽ ബി.ഡി.ജെ.എസിന്റെ എൻ.ഡി.എ. സ്ഥാനാർഥിയായി മത്സരിച്ച വ്യക്തിയാണ് സുരേഷ്.
കേരളത്തിൽ വർഗീയ സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് ഇൻഡ്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും അധികാരത്തിന്റെ ചുവടുപിടിച്ച് കേരളത്തിൽ മറ്റൊരു മാറാട് സൃഷ്ടിക്കാനുള്ള മുസ്ലിം ലീഗിന്റെ ശ്രമം അനുവദിക്കില്ല യൂണിയൻ പറഞ്ഞു. വെള്ളാപ്പള്ളി നടേശനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല, അദ്ദേഹത്തെ വെല്ലുവിളിക്കുന്നവരെ രാഷ്ട്രീയമായി നേരിടുമെന്നും യൂണിയൻ ആവർത്തിച്ചു.
പ്രതിഷേധ പരിപാടിയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. യൂണിയൻ പ്രവർത്തകർ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളിന്റെ കോലം കത്തിക്കുകയും ചെയ്തു.

















































