ചെന്നൈ: നടൻ ജയം രവിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന് ഗായിക കെനിഷ ഫ്രാൻസിസ്. താൻ അദ്ദേഹത്തെ സ്വതന്ത്രനാക്കുകയാണെന്നും കൂടുതൽ വിശദീകരണമില്ലെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നു. “പ്രിയപ്പെട്ടവരേ, ഞാൻ പറയേണ്ടതിലും കൂടുതൽ കാര്യങ്ങൾ ഇതിനകം പറഞ്ഞു കഴിഞ്ഞു. അതിൽ ഭൂരിഭാഗവും ആവശ്യമില്ലാത്തതുമായിരുന്നു. സ്നേഹത്തോടെയാണ് ഞാൻ ഈ കഥയിലേക്ക് നടന്നു വന്നത്. എന്നാൽ ഇപ്പോൾ തികഞ്ഞ മൗനത്തോടെ ഞാൻ ഇതിൽ നിന്നും പുറത്തുപോകുന്നു. ചില ഇടങ്ങൾ ബഹളങ്ങൾ കൊണ്ടും, ഈഗോ കൊണ്ടും, മുൻവിധികളും കെട്ടിച്ചമച്ച കഥകളും കൊണ്ടും അത്രമേൽ വിഴുങ്ങപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
അവിടെ നന്മയ്ക്ക് ഇനി ശ്വാസമെടുക്കാൻ പോലുമാകില്ല. അങ്ങനെ സംഭവിക്കുമ്പോൾ സ്നേഹത്തിന് പോലും അവിടെ സ്ഥാനമില്ലാതായി മാറും. ലോകം ഇതിനകം തന്നെ ഒരു കഥ എഴുതിത്തള്ളിയ ഒരു മനുഷ്യനെ സംരക്ഷിക്കാൻ വേണ്ടി എന്റെ ജീവിതത്തിന്റെ പല ഭാഗങ്ങൾ തന്നെയാണ് ഞാൻ നൽകിയത്. പക്ഷേ, ഇപ്പോൾ എനിക്ക് ഒരു കാര്യം വ്യക്തമായി മനസ്സിലാകുന്നു – വെറും കാഴ്ചകൾക്കും തമാശകൾക്കും പിന്നാലെ പായുന്ന ഈ ലോകത്ത്, അരാജകത്വത്തിന് മുന്നിൽ കാരുണ്യത്തിന് ഒട്ടും സ്ഥാനമില്ല. പൊതുജനങ്ങളോട്, സിനിമാ വ്യവസായത്തോട്, ഇതിനെക്കുറിച്ച് സംസാരിക്കുന്നവരോട്, അദ്ദേഹത്തെ സ്നേഹിക്കുന്നവരോട്, വെറുക്കുന്നവരോട്, ന്യായീകരിക്കുന്നവരോട്, പരിഹസിക്കുന്നവരോട്, അല്ലെങ്കിൽ അദ്ദേഹത്തിന്റെ ജീവിതത്തിന്മേൽ അവകാശവാദം ഉന്നയിക്കുന്നവരോട് എനിക്ക് പറയാനുള്ളത് ഇതാണ് – അദ്ദേഹത്തെ ഇനി നിങ്ങൾക്ക് വിട്ടുതന്നിരിക്കുന്നു. ഇനി ഇതിൽ യാതൊരു വിശദീകരണവുമില്ല, ന്യായീകരണവുമില്ല. എന്‍റേതല്ലാത്ത യുദ്ധങ്ങൾക്ക് ഇനി എനിക്ക് പോരാടേണ്ടതില്ല.
നല്ല മനുഷ്യർക്ക് ജീവിക്കാൻ ഒരു അവസരം വേണമെന്നും, അങ്ങനെയുള്ള ഇടങ്ങളിൽ അവർക്ക് പിന്തുണ നൽകുകയാണ് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യമെന്നും കരുതിയ ഞാൻ എത്ര വിഡ്ഢിയാണ്! പക്ഷേ എനിക്കിപ്പോൾ മനസ്സിലാകുന്നു, ഈ സ്ഥലം വെറും കള്ളന്മാർക്കും, വഞ്ചകർക്കും, കൃത്രിമം കാണിക്കുന്നവർക്കും, ഭീഷണിപ്പെടുത്തി പണം തട്ടുന്നവർക്കും മാത്രമുള്ളതാണെന്ന്. അതുകൊണ്ട്, തികഞ്ഞ സമാധാനത്തോടെയും സ്നേഹത്തോടെയും, പൂർണമായ മനസോടെയും ഞാൻ അദ്ദേഹത്തെ മോചിപ്പിക്കുന്നു. ഞാൻ ഏറ്റെടുത്ത എല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നും ഞാൻ പൂർണമായി പിന്മാറുകയും ചെയ്യുന്നു.” ഒരാളുടെ ദയെയും ദുര്‍ബലതയെയും പൊതുജനങ്ങൾ കാണുന്ന രീതിയിലും കെനിഷ നിരാശ പ്രകടിപ്പിച്ചു. “യഥാർഥ സ്നേഹത്തിനും കൂറിനും സൗമ്യതയ്ക്കും എന്ത് ചെയ്യാൻ കഴിയുമെന്ന് കാണിച്ചുകൊടുക്കാൻ ഈ ലോകം എന്നെ അനുവദിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോവുകയാണ്.
പക്ഷേ, ഒരുപക്ഷേ ഈ തലമുറയ്ക്ക് ഇനി സൗമ്യതയിൽ വിശ്വാസമില്ലായിരിക്കാം. സമർപ്പണത്തേക്കാൾ എളുപ്പത്തിൽ ഉൾക്കൊള്ളാൻ കഴിയുന്നത് തകർച്ചകളെയായിരിക്കാം. ത്യാഗത്തിലൂടെ കെട്ടിപ്പടുത്ത സത്യങ്ങളേക്കാൾ, വികാരങ്ങൾ കൊണ്ട് നെയ്തെടുത്ത കഥകളെയായിരിക്കാം ആളുകൾ എപ്പോഴും തെരഞ്ഞെടുക്കുന്നത്. എന്തായാലും അങ്ങനെയാകട്ടെ, നിങ്ങൾക്ക് എന്താണോ വേണ്ടിയിരുന്നത് അത് നിങ്ങൾക്ക് ലഭിച്ചു കഴിഞ്ഞു.
അതുകൊണ്ട് ഇന്നുമുതൽ ഞാൻ ഇതിനെ പ്രതിരോധിക്കുന്നത് നിർത്തുകയാണ്. നന്മയെ തെറ്റായി മാത്രം മനസ്സിലാക്കാൻ വാശിപിടിച്ചിരിക്കുന്ന ആളുകൾക്ക് മുന്നിൽ, അത് തെളിയിക്കാൻ ശ്രമിക്കുന്നത് ഞാൻ അവസാനിപ്പിക്കുന്നു. ഞാൻ ചെന്നൈ വിട്ടു കഴിഞ്ഞു, ഞാൻ തോറ്റു പിന്മാറുന്നു. എന്‍റെ സംഗീതം, എന്‍റെ തെറാപ്പി, ഇതുവരെയുള്ള എന്റെ ജീവിതവുമായി ബന്ധപ്പെട്ടിരുന്ന എല്ലാ കാര്യങ്ങളും ഞാൻ ഉപേക്ഷിക്കുകയാണ്. ദൈവത്തിന്റെ സൃഷ്ടികളെ തകർക്കാൻ മനുഷ്യന് കഴിയുമെന്ന് തോന്നുന്നു,” കെനീഷ കൂട്ടിച്ചേർത്തു.
















































