ന്യൂഡൽഹി: പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ ചരിത്ര വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫലം ചരിത്രപരവും നിർണ്ണായകവുമായതാണെന്നും, ഇന്ത്യക്ക് മോദിയെപ്പോലെ ഒരു നേതാവിനെ ലഭിച്ചത് ഭാഗ്യമാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
ബിജെപി ആദ്യമായി പശ്ചിമബംഗാൾ നിയമസഭയിൽ വിജയിക്കുകയുംമമതാ ബാനർജിയുടെ 15 വർഷത്തെ ഭരണത്തിന് വിരാമമിടുകയും ചെയ്തതിന് പിന്നാലെയാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം.
“കഴിഞ്ഞ മാസം നടന്ന ഫോൺ സംഭാഷണത്തിൽ പ്രസിഡന്റ് ട്രംപ്, പ്രധാനമന്ത്രി മോദിയോടുള്ള തന്റെ ആദരവും ഇന്ത്യയ്ക്ക് അദ്ദേഹത്തെപ്പോലെ ഒരു നേതാവിനെ ലഭിച്ചതിലുള്ള സന്തോഷവും പങ്കുവെച്ചിരുന്നു. ഈ അടുത്തിടെ നടന്ന ചരിത്രപരവും നിർണ്ണായകവുമായ തിരഞ്ഞെടുപ്പ് വിജയത്തിന് അദ്ദേഹം പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നു,” എന്ന് വൈറ്റ് ഹൗസ് വക്താവ് കുഷ് ദേശായി അറിയിച്ചു.


















































