കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ, മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് മമത ബാനർജി. ഈ തിരഞ്ഞെടുപ്പ് ഫലം യഥാർത്ഥ ജനവിധിയല്ലെന്നും മറിച്ച് ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് നടത്തിയ വലിയ ഗൂഢാലോചനയാണെന്നും അവർ ആരോപിച്ചു. ധാർമികമായ വിജയം തങ്ങളുടെ പക്ഷത്താണെന്നും അതിനാൽ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്നും മമത പ്രഖ്യാപിച്ചു. ഞാൻ തോറ്റിരുന്നെങ്കിൽ രാജിവെക്കുമായിരുന്നു. പക്ഷേ സമ്മർദ്ദത്തിന് വഴങ്ങി ഞാൻ രാജിവയ്ക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ, അത് സംഭവിക്കാൻ പോകുന്നില്ല. ഞങ്ങൾ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടില്ല, അത് അവരുടെ ബലപ്രയോഗമാണ്.’ മമത പറഞ്ഞു. കൊൽക്കത്തയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മമതയുടെ പ്രഖ്യാപനം.
തിരഞ്ഞെടുപ്പ് കമ്മിഷനെതിരെയും കേന്ദ്രസർക്കാരിനുമെതിരെ രൂക്ഷമായ വിമർശനങ്ങളാണ് മമത ഉയർത്തിയത്. തന്റെ യഥാർത്ഥ എതിരാളി ബിജെപിയല്ല, മറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനായിരുന്നുവെന്ന് മമത ആരോപിച്ചു. കമ്മീഷൻ ‘വൃത്തികെട്ട കളി’ (nasty games) കളിച്ചുവെന്നും അവർ കുറ്റപ്പെടുത്തി. ബിജെപിയും കമ്മീഷനും തമ്മിലുള്ള ഒത്തുകളിയാണ് നടന്നതെന്ന് അവർ ആരോപിച്ചു. വോട്ടർ പട്ടികയിൽനിന്ന് 90 ലക്ഷം പേരുകൾ നീക്കം ചെയ്തുവെന്നും കോടതിയിൽ പോയതിന് ശേഷമാണ് 32 ലക്ഷം പേരുകൾ തിരികെ ചേർത്തതെന്നും മമത പറഞ്ഞു. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ മാറ്റി ബിജെപിക്ക് താൽപ്പര്യമുള്ളവരെ നിയമിച്ചതും പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും നേരിട്ടുള്ള ഇടപെടലുമാണ് ഈ ഫലത്തിന് പിന്നിലെന്നും അവർ കൂട്ടിച്ചേർത്തു.
മഹാരാഷ്ട്ര, ഹരിയാണ, ബിഹാർ എന്നിവിടങ്ങളിലെന്നപോലെ ബംഗാളിലും കേന്ദ്ര സർക്കാർ നേരിട്ട് തിരഞ്ഞെടുപ്പിൽ ഇടപെട്ടുവെന്നാണ് മമതയുടെ ആരോപണം. ഏകദേശം 100 സീറ്റുകൾ തങ്ങളിൽനിന്ന് ബലം പ്രയോഗിച്ച് തട്ടിയെടുത്തുവെന്നാണ് മമത ആരോപിക്കുന്നത്. നടന്നത് തിരഞ്ഞെടുപ്പല്ലെന്നും കേന്ദ്ര ഏജൻസികളും തിരഞ്ഞെടുപ്പ് കമ്മിഷനും ചേർന്ന് നടത്തിയ ഒത്തുകളി ആയിരുന്നുവെന്നുമാണ് മമത ആരോപിക്കുന്നത്. തന്റെ ജീവിതത്തിൽ ഇത്രയും മോശമായ ഒരു തിരഞ്ഞെടുപ്പ് കണ്ടിട്ടില്ലെന്നാണ് മമത പ്രതികരിച്ചത.്
ഒരു പോളിംഗ് സ്റ്റേഷനിൽവെച്ച് താൻ ശാരീരികമായി ആക്രമിക്കപ്പെട്ടുവെന്നും വയറ്റിലും പുറത്തും മർദ്ദനമേറ്റെന്നും 71-കാരിയായ മമത വെളിപ്പെടുത്തി. ആ സമയത്ത് സിസിടിവി ഓഫ് ചെയ്തിരിക്കുകയായിരുന്നുവെന്നും കൗണ്ടിംഗ് സ്റ്റേഷനിൽനിന്നു തന്നെ പുറത്തേക്ക് തള്ളിയതായും അവർ ആരോപിച്ചു. വോട്ടെടുപ്പിന് ശേഷം ഇവിഎമ്മുകളിൽ എങ്ങനെ 80-90 ശതമാനം ചാർജ് അവശേഷിക്കുന്നുവെന്ന് അവർ ചോദിച്ചു.
ഇന്ത്യൻ ഭരണഘടനയനുസരിച്ച്, നിയമസഭയുടെ ഭൂരിപക്ഷം ഉള്ളിടത്തോളം കാലം മാത്രമേ ഒരു മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ സാധിക്കൂ. തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരികയും നിലവിലെ സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്ന് വ്യക്തമാകുകയും ചെയ്താൽ, മുഖ്യമന്ത്രി സ്വമേധയാ രാജിവെച്ച് മന്ത്രിസഭ പിരിച്ചുവിടാൻ ഗവർണറോട് ശുപാർശ ചെയ്യുക എന്നതാണ് ഭരണഘടനാപരമായ കീഴ്‌വഴക്കം.
മുഖ്യമന്ത്രി സ്വമേധയാ രാജിവെക്കാൻ തയ്യാറായില്ലെങ്കിൽ ഗവർണർക്ക് കർശനമായ നടപടികൾ സ്വീകരിക്കാൻ ഭരണഘടന അധികാരം നൽകുന്നുണ്ട്. ഭരണഘടനയുടെ ആർട്ടിക്കിൾ 164(1) പ്രകാരം, ഗവർണറുടെ പ്രീതി ഉള്ളിടത്തോളം കാലം മാത്രമാണ് മന്ത്രിമാർക്ക് പദവിയിൽ തുടരാനാകുന്നത്. ഒരു മുഖ്യമന്ത്രിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്ന് ബോധ്യപ്പെട്ടാൽ ഗവർണർക്ക് ആ മുഖ്യമന്ത്രിയെയും മന്ത്രിസഭയെയും പുറത്താക്കാൻ അധികാരമുണ്ട്. ഇതിനുശേഷം ഭൂരിപക്ഷമുള്ള കക്ഷിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുകയോ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെടുകയോ ചെയ്യാം.
അതിനാൽതന്നെ, ഇനി അടുത്ത നീക്കം നടത്തേണ്ടത് പശ്ചിമ ബംഗാൾ ഗവർണറാണ്. മമത രാജിവെക്കാൻ തയ്യാറായില്ലെങ്കിൽ ഔദ്യോഗികമായി സീറ്റുകളുടെ എണ്ണം പരിശോധിക്കാനും വിശ്വാസം പിൻവലിച്ച് മുഖ്യമന്ത്രിയെ പുറത്താക്കാനുമുള്ള നടപടികളിലേക്ക് ഗവർണർക്ക് കടക്കാം. ഇന്ത്യാ മുന്നണിയിലെ നേതാക്കൾ തനിക്ക് പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് മമത അവകാശപ്പെടുമ്പോഴും ഭരണഘടനാപരമായ ഭൂരിപക്ഷമില്ലാതെ അവർക്ക് അധികാരത്തിൽ തുടരാനാവില്ല എന്നതാണ് വസ്തുത.
















































