സോഷ്യൽ മീഡിയയിലെ ആക്രമണങ്ങൾക്കെതിരെ ശക്തമായ ഭാഷയിൽ മറുപടി നൽകി നടി എസ്തർ അനിൽ. ബാലതാരങ്ങളായെത്തിയ പെൺകുട്ടികൾ വളർന്ന് നായികമാരാകുമ്പോൾ അവരെ ‘ഹൈപ്പർ സെക്ഷ്വലൈസ്’ ചെയ്യാനുള്ള പ്രവണത മലയാളികൾക്കുണ്ടെന്ന് താരം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ താരത്തിനെതിരെ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു. ഇതിനെതിരെയാണ് എസ്തർ മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.
“സിനിമയിൽ അവസരത്തിനായി തുണി ഉരിയുന്നുവെന്ന അസംബന്ധം നമുക്ക് ഒന്ന് അവസാനിപ്പിച്ചുകൂടേ? സോഷ്യൽ മീഡിയയിൽ ഗ്ലാമറസ് ആയതുകൊണ്ട് മാത്രം മലയാള സിനിമയിൽ കഴിവുള്ള നായികമാരായി മാറിയ എത്ര പേരുണ്ടെന്ന് പറഞ്ഞു തരൂ. ഒരാൾ പോലുമില്ല. ഇനി ആരെങ്കിലും അങ്ങനെ ചെയ്താലും അതിൽ മറ്റുള്ളവർക്ക് എന്താണ് കാര്യം? മലയാള സിനിമ എന്നും നിലനിൽക്കുന്നത് കലാകാരന്മാരുടെ കഴിവിന്റെയും മികവിന്റെയും കരുത്തിലാണ്. അല്ലാതെ വെറും വസ്ത്രധാരണത്തിലോ നഗ്നതാ പ്രദർശനത്തിലോ അല്ല. ചിലർക്ക് ഒരു ജീവിതലക്ഷ്യവുമില്ല എന്നതാണ് സത്യം.
സഹോദരാ, എന്താണ് നിങ്ങൾക്ക് ഇത്ര പ്രശ്നം? അതോ കൂടുതൽ ഫോളോവേഴ്സിനെ കിട്ടാൻ വേണ്ടിയുള്ള വിലകുറഞ്ഞ പ്രശസ്തിയാണോ ലക്ഷ്യം? എന്തായാലും സാരമില്ല, നടക്കട്ടെ! സാധാരണയായി ഇത്തരം കാര്യങ്ങളോട് ഞാൻ പ്രതികരിക്കാറില്ല. പക്ഷേ, ഇന്ന് ഇത്തരക്കാരെ ഒന്ന് തുറന്നു കാണിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നി,”–എസ്തറിന്റെ മറുപടി ഇങ്ങനെ.
തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് എസ്തർ വിമർശനങ്ങൾക്ക് മറുപടി പറഞ്ഞത്. നിലവിൽ ജീത്തു ജോസഫ്-മോഹൻലാൽ ടീമിന്റെ ‘ദൃശ്യം 3’ ലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്താൻ ഒരുങ്ങുകയാണ് അവർ. ഈ വർഷം മേയ് 21-നാണ് ദൃശ്യം 3 റിലീസ് ചെയ്യുക.
















































