വെല്ലിംഗ്ടൺ : ഇന്ത്യയുമായുള്ള വ്യാപാരകരാറിൽ ന്യൂസിലൻഡിലെ ഭരണകക്ഷിയ്ക്ക് ഇടയിൽ തന്നെ അഭിപ്രായ ഭിന്നത.
അടുത്തയാഴ്ചയാണ് ന്യൂഡൽഹിയിൽ വച്ച് ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പുവയ്ക്കുന്നത്. ഇന്ത്യൻ വിദ്യാർഥികളുടെയും തൊഴിലാളികളുടെയും കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്ന നിർദേശങ്ങൾ കരാറിലുണ്ട്. ഇതാണ് ഭരണ മുന്നണിയിലുള്ള ഒരു പാർട്ടിയിലെ മന്ത്രിമാരുടെ എതിർപ്പിന് കാരണം.
‘‘നിയന്ത്രണമില്ലാത്ത കുടിയേറ്റം രാജ്യത്ത് വേതനം കുറയാനും റോഡുകളും ആശുപത്രികളും പൊതുസേവന സ്ഥാപനങ്ങളും തിരക്കേറിയതാകാനും ഇടവരുത്തും. ഈ ‘ബട്ടർ ചിക്കൻ സൂനാമിയെ’ ഞാൻ ഒരിക്കലും അംഗീകരിക്കില്ല’’ – മന്ത്രി ഷെയ്ൻ ജോൺസ് പ്രതികരിച്ചത് ഇങ്ങനെ.
ബട്ടർ ചിക്കൻ സൂനാമിയെന്ന് ഇന്ത്യക്കാരെ അദ്ദേഹം വിളിച്ചത് വംശീയാധിക്ഷേപമാണെന്ന വിമർശനം ഉയർന്നു. എന്നാൽ, രാഷ്ട്രീയ ചർച്ചകളിൽ ശ്രദ്ധകിട്ടാനായി താൻ ഇത്തരം വാക്കുകൾ ഉപയോഗിക്കാറുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് തന്നെ പാർട്ടിയിലെ മറ്റ് എംപിമാർ ഉപദേശിച്ചിരുന്നെന്ന് പറഞ്ഞ അദ്ദേഹം, ഇത്തരം വാക്കുകളിലൂടെ മാത്രമേ ‘ഇംപാക്റ്റ്’ സൃഷ്ടിക്കാനാകൂ എന്നും പ്രതികരിച്ചു. ന്യൂസിലൻഡുകാർ ഇത്തരം കുടിയേറ്റത്തെ അംഗീകരിക്കില്ലെന്നും ഈ വർഷത്തെ തിരഞ്ഞെടുപ്പിൽ ഇതു പ്രധാന വിഷയമാകുമെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടനിലെ ഹൗസ് ഓഫ് കോമൺസിൽ രണ്ടുമാസം മുൻപ് നടന്ന ചർച്ചയിൽ ഇന്ത്യ-യുകെ ഡീലിനെതിരെ കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾ ആഞ്ഞടിച്ചിരുന്നു. ഈ കരാർകൊണ്ട് ബ്രിട്ടനു ഒരു നേട്ടവുമില്ലെന്നും എന്നാൽ, ഇന്ത്യയ്ക്ക് ലോട്ടറിയാണെന്നും അവർ വിമർശിച്ചു. സാമ്പത്തിക, വ്യാപാര സന്തുലനം ഉറപ്പാക്കാത്ത ഡീലാണിത്. ബ്രിട്ടനിലെ തൊഴിലോ ബിസിനസുകളോ ഈ കരാറുകൊണ്ട് സുരക്ഷിതമല്ലെന്നും അവർ കുറ്റപ്പെടുത്തി.
കൺസർവേറ്റീവ് എംപി ആൻഡ്രൂ ഗ്രിഫിത്ത് രസകരമായ വാക്കുകളിലൂടെയാണ് വിമർശനം തൊടുത്തത്. ‘‘നല്ല വിന്താലൂ (എരിവുള്ള കറി) ആണ് ഇന്ത്യയിൽ നിന്ന് പ്രതീക്ഷിച്ചത്. കിട്ടയതു പക്ഷേ, വെറും നനഞ്ഞ പപ്പടമായി പോയി’’ – ഗ്രിഫിത്ത് പറഞ്ഞു. ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരക്കരാർ ഇന്ത്യയ്ക്കു മാത്രമാണ് അനുകൂലമെന്നും ഗ്രിഫിത്ത് വിമർശിച്ചു.
ഗ്രിഫിത്തിന്റെ വാക്കുകളെ അതേനാണയത്തിൽ വ്യാപാരമന്ത്രി ക്രിസ് ബ്രയന്റ് തിരിച്ചടിച്ചിരുന്നു. ബ്രിട്ടീഷ് കമ്പനികൾ ഈ ഡീലിനെ കാണുന്നത് ‘‘നല്ല സ്വാദൂറും തന്തൂരി’ ആയാണെന്ന് ബ്രയന്റ് പറഞ്ഞു. ഇന്ത്യ വളർന്നുവരുന്ന ഉപഭോക്തൃവിപണിയാണ്. 2050ഓടെ 100 കോടിയിലധികം ഉന്നത-വരുമാനക്കാരായ ഉപഭോക്താക്കളുള്ള രാജ്യമാകും ഇന്ത്യ. ബ്രിട്ടീഷ് കമ്പനികളെ കാത്തിരിക്കുന്നത് ശോഭനമായ ഭാവിയാണെന്നും മന്ത്രി പറഞ്ഞു.
കരാറിലൂടെ ന്യൂസിലൻഡിലേക്ക് 100 ശതമാനം തീരുവരഹിത കയറ്റുമതി ഇന്ത്യയ്ക്ക് സാധ്യമാകും. പകരം ന്യൂസിലൻഡിൽ നിന്നുള്ള 97 ശതമാനം ഉൽപന്നങ്ങളുടെയും ഇറക്കുമതി തീരുവ ഘട്ടം ഘട്ടമായി ഒഴിവാക്കും. ഇന്ത്യൻ വിദ്യാർഥികൾക്കും തൊഴിലാളികൾക്കും കൂടുതൽ അവസരങ്ങളും കരാർ ഉറപ്പുനൽകുന്നുണ്ട്.
ഇന്ത്യ-ന്യൂസിലൻഡ് വ്യാപാരക്കരാറിനെതിരെ നേരത്തേ ന്യൂസിലൻഡ് വിദേശകാര്യ മന്ത്രി വിൻസ്റ്റൻ പീറ്റേഴ്സും കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ന്യൂസിലൻഡിനെ സംബന്ധിച്ച് മോശം കരാറാണിതെന്നും പാർലമെന്റിലെത്തിയാൽ എതിർത്ത് വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ന്യൂസിലൻഡിന്റെ കയറ്റുമതിയുടെ 30 ശതമാനത്തോളം വരുന്ന ക്ഷീര ഉൽപന്നങ്ങളെ ഒഴിവാക്കിയതും മന്ത്രിമാരുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
എന്നാൽ ഇന്ത്യയിലെ കർഷക താൽപ്പര്യങ്ങളെ ബാധിക്കുമെന്നതിനാൽ ഈ മേഖലയിലെ വിദേശ ഉൽപന്നങ്ങൾ അനുവദിക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. യുഎസുമായുള്ള ഇന്ത്യയുടെ വ്യാപാര ചർച്ചകളിലെ പ്രധാന വെല്ലുവിളിയും ക്ഷീര ഉൽപന്നങ്ങളുടെ വിപണി പ്രവേശമായിരുന്നു.
കുടിയേറ്റ രംഗത്തെ ഉദാര നയങ്ങളും ന്യൂസിലൻഡ് മന്ത്രിമാരുടെ എതിർപ്പിന് കാരണമായി. നിരവധി ന്യൂസിലൻഡുകാർ തൊഴിൽ രഹിതരായി തുടരുന്നതിനിടെ ജോലി ചെയ്യാൻ ഇന്ത്യക്കാരെ കൊണ്ടുവരുന്നത് നീതീകരിക്കാൻ കഴിയില്ലെന്ന് വിൻസ്റ്റൻ പീറ്റേഴ്സ് പറഞ്ഞിരുന്നു.
"I am just never going to agree with a sort of butter chicken tsunami coming to New Zealand." – Shane Jones, Associate Minister of Energy @mangonui08 @nzfirst
Where should the line be drawn on immigration and economic growth?
🎥 Watch here: https://t.co/1MClpkZwsI pic.twitter.com/jpjPXuL9UJ
— REALITY CHECK RADIO (@RCR_NZ) April 20, 2026














































