ആലുവ: ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു. പുറയാർ ഗാന്ധിപുരം മഠത്തിപ്പറമ്പിൽ ഹരിപ്രസാദിന്റെ മകൾ നന്ദന ഹരിപ്രസാദ് (23) ആണ് മരിച്ചത്. ഗ്യാസ് കയറ്റിയ ലോറി അലക്ഷ്യമായി വലത്തേക്ക് നീങ്ങിയതിനെ തുടർന്നാണ് അപകടം.
ബൈക്ക് ഓടിച്ചിരുന്ന അത്താണി സ്വദേശി അശ്വിൻ ആന്റണി (22) യെ പരിക്കുകളോടെ ഇടപ്പള്ളി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 10.30-ന് അമ്പാട്ടുകാവിനും മുട്ടത്തിനും ഇടയിൽ ടിപ്പ് ടോപ്പ് ഫർണിച്ചർ ഷോപ്പിന് എതിർവശത്തായിരുന്നു അപകടം.
ആലുവയിൽ നിന്നും ഇടപ്പള്ളിയിലേക്ക് പോകുകയായിരുന്നു ബൈക്ക്. റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറി അലക്ഷ്യമായി വലത്തേക്ക് വെട്ടിച്ച് മുന്നോട്ടെടുത്തപ്പോൾ പിന്നിൽനിന്നും വന്ന ബൈക്കിൽ തട്ടുകയായിരുന്നു. നിയന്ത്രണംവിട്ട ബൈക്ക് പിന്നാലെ വന്ന കാർ ഇടിച്ച് മറിഞ്ഞു. റോഡിൽ തലയടിച്ച് വീണതിനാലാണ് നന്ദനയുടെ ജീവൻ നഷ്ടപ്പെട്ടത്.
അബോധാവസ്ഥയിലായിരുന്ന നന്ദനയെ കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും 12.25-ഓടെ മരിച്ചു. അത്താണി നീരജ എയർലൈൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരിയാണ് നന്ദന. ഇടപ്പള്ളിയിലേക്ക് പോയ അശ്വിന്റെ ബൈക്കിൽ നന്ദന ലിഫ്റ്റ് ചോദിച്ച് കയറിയതായിരുന്നു.
പിതാവ്: ഹരിപ്രദാസ് (സെൻട്രൽ ജി.എസ്.ടി. ഓഫീസിൽ ജീവനക്കാരനാണ്). മാതാവ്: സാന്റി (ശ്രീമൂലനഗരം പി.എച്ച്.സി.യിൽ നഴ്സ്). സഹോദരി: നിവേദ്യ. മൃതദേഹം ചൊവ്വാഴ്ച കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
















































