തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പുതിയ സർജിക്കൽ ബ്ലോക്കിന്റെ നിർമാണത്തിലെ അപാകതകളിലും ക്രമക്കേടുകളിലും വിജിലൻസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പിനു കത്തു നൽകി ആരോഗ്യമന്ത്രി കെ.മുരളീധരൻ. 2026 ഫെബ്രുവരി 16 ന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത സർജിക്കൽ ബ്ലോക്ക് കെട്ടിടം ജീർണാവസ്ഥയിലാണെന്നു വിവിധ കോണുകളിൽനിന്നു പരാതി ഉയർന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ ഇടപെടൽ. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആരോഗ്യവകുപ്പ് അഡീ. ചീഫ് സെക്രട്ടറിക്കും നിർദേശം നൽകി.
നിർമാണം മുതൽ ഉപകരണങ്ങൾ സ്ഥാപിച്ചതുവരെയുള്ള കാര്യങ്ങൾ അന്വേഷിക്കാനാണു നിർദേശം. കെട്ടിടത്തിന്റെ നിർമാണം, പ്ലമ്പിങ്, ഇലക്ട്രിക്കൽ ജോലികൾ എന്നിവയിൽ ഗുരുതരമായ പോരായ്മകൾ കണ്ടെത്തിയതായി ആരോഗ്യമന്ത്രി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. നിർമാണച്ചുമതല ഏൽപ്പിച്ചിരുന്ന കമ്പനി ഈ പണി മറ്റ് ഏജൻസികൾക്ക് ഉപകരാറായി മറിച്ചു നൽകിയതായും കത്തിൽ പറയുന്നു. നിർമാണത്തിന്റെ ഗുണനിലവാരം, സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കാതിരിക്കൽ, സാമ്പത്തിക ക്രമക്കേടുകൾ എന്നിവയിൽ സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കിഫ്ബി ഫണ്ടിൽനിന്ന് 257 കോടി രൂപ ചെലവിട്ടു നിർമിച്ച കെട്ടിടത്തിന്റെ പല ഭാഗങ്ങളും ഇടിഞ്ഞു വീഴുന്നുവെന്ന പരാതിയാണ് ഉയർന്നിരിക്കുന്നത്.
2021-22 കാലത്താണു 8 നിലകളുള്ള പുതിയ സർജിക്കൽ ബ്ലോക്ക് കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചത്. 2026 ഫെബ്രുവരിയിൽ ഉദ്ഘാടനത്തിനു പിന്നാലെ തന്നെ, കെട്ടിടത്തിന്റെ സീലിങ്ങുകൾ തകർന്നുവീഴുന്നു, വെന്റിലേഷൻ കാര്യക്ഷമമല്ലാത്തതിനാൽ വാർഡിലുള്ള രോഗികൾ ബുദ്ധിമുട്ടുന്നു, ഫാനിന്റെ ലീഫുകൾ നിലവാരമില്ലാത്തതിനാൽ ഒടിഞ്ഞുവീഴുന്നു, ടൈലുകളിൽ ചവിട്ടുമ്പോൾ പൊട്ടുന്നു തുടങ്ങി നിരവധി പരാതികൾ ഉയർന്നു തുടങ്ങി. ശുചിമുറിയുടെ മുകൾവശത്തുനിന്നു സീലിങ്ങും ഹോളോബ്രിക്‌സും അടർന്നുവീണെങ്കിലും ജീവനക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടതു കഴിഞ്ഞ മാസമാണ്. പല ചികിത്സാമുറികളിലും വെന്റിലേഷനില്ല. പല മുറികളുടെയും കതകുകൾ ചേർത്തടയ്ക്കാൻപോലും സാധിക്കുന്നില്ല. 10 ലിഫ്റ്റുകളിൽ രണ്ടെണ്ണം പ്രവർത്തിക്കുന്നില്ല. കരാറുകാരിൽനിന്നു കെട്ടിടം ഏറ്റെടുക്കാൻ മെഡിക്കൽ കോളജ് അധികൃതർ തയാറാകുന്നില്ല. ന്യൂനതകൾ പരിഹരിക്കാതെ കെട്ടിടം ഏറ്റെടുക്കാനാകില്ലെന്നാണ് അധികൃതരുടെ നിലപാട്.