ചെറുതുരുത്തി: കേരള കലാമണ്ഡലത്തിലെ വനിതാ ഹോസ്റ്റലിൽ അർധരാത്രി അതിക്രമിച്ചു കയറിയ യുവാവിനെ ചെറുതുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പേരയം താളുകുന്ന് വീട്ടിൽ മിഥുൻ കൃഷ്ണദാസിനെയാണ് (22) പിടികൂടിയത്. വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മൂന്ന് ദിവസം മുമ്പ് അർധരാത്രിയിലാണ് കേസിനാസ്പദമായ സംഭവം. ഹോസ്റ്റലിൽ പെൺകുട്ടികൾ താമസിക്കുന്ന മുറികളുടെ സമീപം സംശയകരമായ സാഹചര്യത്തിൽ യുവാവിനെ കണ്ടതോടെ വിദ്യാർഥിനികൾ ബഹളം വെക്കുകയായിരുന്നു. ഇതോടെ പ്രതി ഹോസ്റ്റൽ പരിസരത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ചെറുതുരുത്തി സർക്കിൾ ഇൻസ്പെക്ടർ ശ്യാമിന്റെ നിർദേശപ്രകാരം എസ്.ഐ മൊയ്തീൻകുട്ടിയുടെ നേതൃത്വത്തിലുള്ള സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ എസ്.സി.പി.ഒ വിനീത് മോൻ, സുബിൻ എന്നിവരടങ്ങുന്ന സംഘമാണ് തിരുവനന്തപുരത്തുനിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അതേസമയം, കലാമണ്ഡലത്തിലെ യുവതി ആവശ്യപ്പെട്ടതനുസരിച്ചാണ് താൻ അവിടെയെത്തിയതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി.
ഇതിനു മുമ്പ് മൂന്ന് തവണ ഹോസ്റ്റലിൽ വന്നിട്ടുണ്ടെന്നും, ഗൾഫിലേക്ക് പോകുന്നതിന് മുന്നോടിയായി അവസാനമായി കാണാൻ എത്തിയതാണെന്നും പ്രതി പറഞ്ഞതായാണ് വിവരം. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. അതേസമയം, സംഭവത്തെക്കുറിച്ച് ഊർജിതമായി അന്വേഷിക്കാൻ പുതിയ കമ്മിറ്റി രൂപവത്കരിച്ചതായും ഇവർ തരുന്ന റിപ്പോർട്ടനുസരിച്ച് തുടർനടപടി സ്വീകരിക്കുമെന്നും കലാമണ്ഡലം വൈസ് ചാൻസലർ പ്രഫ. ബി. അനന്തകൃഷ്ണൻ പറഞ്ഞു.
യുവാവ് ഇതിനുമുമ്പ് മൂന്നുതവണ കലാമണ്ഡലം ഹോസ്റ്റലിൽ രാത്രിയിൽ എത്തിയതായ വാർത്ത അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോസ്റ്റലിൽ യുവാവ് കയറിയ സംഭവം ലജ്ജാകരമാണെന്നും സുരക്ഷ വീഴ്ചയിൽ വകുപ്പ്തല അന്വേഷണം നടത്തണമെന്നും വള്ളത്തോൾ നഗർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റും വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ പി.ഐ. ഷാനവാസ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് വകുപ്പ് മന്ത്രിക്ക് രേഖാമൂലം പരാതി നൽകിയതായും അദ്ദേഹം പറഞ്ഞു.