ന്യൂഡൽഹി: നാനൂറുപേർ ഉരുൾപൊട്ടലിൽ മരിച്ച പരിസ്ഥിതിലോല മേഖലയിലാണ് വയനാട് തുരങ്കപാതയെന്ന് ഹർജിക്കാർ സുപ്രീംകോടതിയിൽ. അക്കാര്യങ്ങൾ ശാസ്ത്രജ്ഞരും എൻജിനിയർമാരും നോക്കിക്കൊള്ളുമെന്ന് സുപ്രീംകോടതി. വയനാട് തുരങ്കപാതയുടെ പാരിസ്ഥിതികാനുമതി ചോദ്യംചെയ്ത ഹർജിക്കാരുടെ വാദങ്ങളെല്ലാം ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഖണ്ഡിക്കുന്നതാണ് സുപ്രീംകോടതിയിൽ കണ്ടത്.
പദ്ധതിയുടെ പാരിസ്ഥിതികാനുമതി ശരിവെച്ച ഹൈക്കോടതിവിധിക്കെതിരേ വയനാട് പ്രകൃതിസംരക്ഷണ സമിതിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. പാരിസ്ഥിതികാഘാത വിലയിരുത്തൽ വിജ്ഞാപനത്തിലെ ബി വിഭാഗത്തിനുപകരം എ വിഭാഗത്തിൽ ഉൾപ്പെടുത്തേണ്ട പദ്ധതിയാണിതെന്ന് ഹർജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ വാദിച്ചു.
ഏറെ സസ്യജാലങ്ങളും വന്യജീവികളുമുള്ള മേഖലയാണിത്. പദ്ധതിയുടെ വിലയിരുത്തൽ കേന്ദ്രത്തിനുപകരം സംസ്ഥാനതലത്തിൽ നടത്തിയതുതന്നെ വലിയ നിയമലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ, പദ്ധതിയെ എ വിഭാഗമായാണ് കേന്ദ്ര പരിസ്ഥിതി വിലയിരുത്തൽ സമിതി പരിഗണിച്ചതെന്ന് ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു. വന്യജീവികളെ സംരക്ഷിക്കാൻ തുരങ്കപാതയാണ് നല്ലത് -ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഹൈക്കോടതിയുടെ കണ്ടെത്തൽ വസ്തുതാപരമായി തെറ്റാണെന്ന് ശ്യാം ദിവാൻ വാദിച്ചു. പദ്ധതിയെ എ വിഭാഗമായി പരിഗണിച്ചിട്ടേയില്ല.
സാങ്കേതിക നടപടികളെങ്കിലും പാലിക്കണമായിരുന്നെന്നും അതുണ്ടായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, ഈ വാദങ്ങളെല്ലാം ഹൈക്കോടതി പരിഗണിച്ചതാണെന്ന് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി കൂടി ഉൾപ്പെട്ട ബെഞ്ച് വിലയിരുത്തി.
















































